രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ അന്വേഷണ സംഘം വൈകാതെ കുറ്റപത്രം സമർപ്പിക്കും. തിരുവനന്തപുരം, പത്തനംതിട്ട കേസുകളിലാണ് എസ്ഐടി നിയമോപദേശം തേടിയത്.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ രണ്ട് കുറ്റപത്രങ്ങൾ വൈകാതെ സമർപ്പിക്കും. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും കേസുകളിലാണ് കുറ്റപത്രം തയ്യാറാകുന്നത്. കുറ്റപത്രം ഉടൻ സമര്‍പ്പിക്കുന്നതിനായി എസ്ഐടി നിയമോപദേശം തേടി. തിരുവനന്തരത്തെ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഗർഭഛിദ്രം നടത്തിയ കേസും പത്തനംതിട്ടയിലെ പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽകൊണ്ടുപോയി പീഡിപ്പിച്ച കേസിലുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലെ കേസിൽ കുറ്റപത്രം അന്തിമഘട്ടത്തിലാണ്. വിരലടയാളം, ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിന് കാരണമായി അന്വേഷണ സംഘം നേരത്തെ വിശദീകരിച്ചത്. അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ ചുമതലപ്പെടുത്തിയ എസ്.ഐ.ടി ഉദ്യോഗസ്ഥരിൽ പലരെയും വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതും കേസിന്റെ തുടർനടപടികളെ സാരമായി ബാധിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ മാറ്റവും ശാസ്ത്രീയ തെളിവുകൾ ലഭിക്കാനുള്ള വൈകലും കേസ് നടപടികൾ അനന്തമായി നീളാൻ കാരണമാകുന്നു എന്ന വിമർശനം ശക്തമാണ്.
















