തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ കേരളത്തിലേക്ക് തിരിച്ചെത്തി തുടങ്ങി. ഇവരെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് അതിർത്തികളിൽ ആശയകുഴപ്പവും ഉണ്ടായി.

നോർക്കയിൽ രജിസ്റ്റർ ചെയ്തവരാണ് എത്തുന്നത്. കളിയിക്കാവിളയിലും കുമളിയിലുമാണ് ആശയകുഴപ്പം ഉണ്ടായത്. നോർക്ക വഴി രജിസ്റ്റർ ചെയ്തവരെ നാളെ മുതൽ മാത്രമേ കടത്തിവിടു എന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തതാണ് ആശയകുഴപ്പം സൃഷ്‌ടിച്ചത്. അതുവരെ തൽസ്ഥിതി തുടരുമെന്നായിരുന്നു. എന്നാൽ കുമളിയിൽ ആശയകുഴപ്പം പരിഹരിക്കാൻ തേനി സബ് കളക്ടർ ഇടപെട്ട് ഉത്തരവ് തിരുത്തി.

അതേസമയം കളിയിക്കാവിളയിൽ ആശയകുഴപ്പം ഉണ്ടായില്ലെന്ന് അധികൃതർ വിശദീകരിച്ചു. തൃശ്ശൂർ കളക്ടറുടെ അനുമതി പത്രവുമായി വന്ന രണ്ട് പേരെ കടത്തിവിടാതിരുന്നത് അനുമതി പത്രത്തിലെ വാഹനത്തിന്റെ നമ്പറും അവർ വന്ന വാഹനത്തിന്റെ നമ്പറും രണ്ടായതിനാലാണെന്ന് വ്യക്തമാക്കി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി.

പ്രധാന അതിർത്തികളിലെല്ലാം തിരികെ വരുന്നവരുടെ നീണ്ട നിരയുണ്ട്. ഇവർക്ക് വൈദ്യ പരിശോധന നടത്താൻ ആറ് അതിർത്തിയിലും ഹെൽപ് ഡസ്കുകൾ സജ്ജീകരിച്ചിരുന്നു. ഇവിടെ പരിശോധന നടത്തി രോഗ ലക്ഷണം ഉള്ളവരെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.

കാസർകോട് തലപ്പാടി അതിർത്തി, വയനാട് മുത്തങ്ങ ചെക് പോസ്റ്റ്, പാലക്കാട് വാളയാർ അതിർത്തി, ഉടുക്കിയിലെ കുമളി അതിർത്തി, തിരുവനന്തപുരം കളയിക്കാവിള തുടങ്ങിയ കേന്ദ്രങ്ങൾ വഴിയാണ് നാട്ടിലേക്ക് തിരികെ വരുന്നവരെ കയറ്റിവിടുന്നത്.