കൊവിഡ് കേസുകൾ ഇങ്ങനെയെങ്കിലും പിടിച്ചുനിർത്താനായത് അടക്കൽ കൊണ്ട് തന്നെയാണെന്നാണ് വിദഗ്ധസമിതിയിലെ ഒരു വിഭാഗത്തിൻ്റേയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടേയും നിലപാട്

കോഴിക്കോട്: അടച്ചിടലിനെതിരെ വ്യാപാരികൾ തെരുവിലിറങ്ങിയതോടെ ലോക്ക് ഡൗൺ തുടരുന്നതിൽ സർക്കാർ നേരിടുന്നത് കടുത്ത സമ്മർദ്ദം. വാരാന്ത്യലോക്ക് ഡൗണിലും ഒന്നിടവിട്ട ദിവസങ്ങളിൽ ബാങ്കുകളും കടകളും തുറക്കുന്നതിലും വിദഗ്ധസമിതിയിലെ ഒരു വിഭാഗം നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കേസുകൾ കുറയാത്ത സാഹചര്യത്തിൽ അടക്കലല്ലാതെ മറ്റ് മാർഗ്ഗങ്ങളിലെന്ന നിലപാടിലേക്കെത്തുകയായിരുന്നു സർക്കാർ.

കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് പലപ്രദേശങ്ങളിൽ പല വിഭാഗങ്ങളിലായുള്ള ലോക്ക് ഡൗൺ 74 ദിവസം പിന്നിടുമ്പോഴാണ് അടക്കലിനെതിരായ പരസ്യപ്രതിഷേധം. അടച്ചുപൂട്ടിയുള്ള പ്രതിരോധത്തിലെ ശാസ്ത്രീയതയിൽ നേരത്തെ തന്നെ രണ്ടഭിപ്രായം ഉണ്ട്. മൂന്നാഴ്ച മുമ്പ് വിദഗ്ധസമിതിയിലെ ഒരു വിഭാഗം ഡോക്ടർമാരും ഈ പ്രശ്നം ഉന്നയിച്ചു. 

വാരാന്ത്യലോക്ക് ഡൗൺ പ്രയോജനം ചെയ്യുന്നുണ്ടോ എന്നതിലാണ് പ്രധാന സംശയം. വാരാന്ത്യ ലോോക്ക് ഡൗണിന് മുന്പ് വെള്ളിയാഴ്ചയും ശേഷം തിങ്കളാഴ്ചയും റോഡുകളിലും കടകളിലും അനുഭവപ്പെടുന്ന വൻതിരക്കാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലെ തുറക്കലിൻറെ ശാസ്ത്രീയപ്രശ്നമാണ് മറ്റൊന്ന്. തുറക്കുന്നദിവസം ജനം ഒഴുകിയെത്തുന്നതിനാൽ ഇത് രീതി മാാറ്റണമെന്നാണ് അഭിപ്രായം ഉയർന്നത്. കടകളുടെ പ്രവർത്തന സമയം ഏഴാക്കിയതിനാൽ ആ സമയം അനുഭവപ്പെടുന്ന തിരക്കും സമയം കൂട്ടണമെന്ന ആവശ്യം വിദഗ്ധർ പറയുന്നു. 

എന്നാൽ കേസുകൾ ഇങ്ങിനെയെങ്കിലും പിടിച്ചുനിർത്താനായത് അടക്കൽ കൊണ്ട് തന്നെയാണെന്നാണ് വിദഗ്ധസമിതിയിലെ മറ്റൊരുവിഭാഗത്തിൻ്റേയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരുടേയും നിലപാട്. മൂന്നാം തരംഗം പടിവാതിൽക്കലെത്തി നിൽക്കം സമ്പൂർണ്ണ തുറക്കുൽ വൻരോഗവ്യാപനത്തിലേക്ക് നയിക്കുമെന്നാണ് ആശങ്ക

എല്ലാകാലവും അടച്ചിടാൻ ആകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. പല മേഖലകളിലും കൂടുതൽ ഇളവുകൾ സർക്കാർ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ദേശീയതലത്തിൽ തന്നെ കേരളത്തിലെ രോഗനിരക്ക് ചർച്ചയാകുമ്പോൾ തുറന്നശേഷം രോഗനിരക്ക് ഉയർന്നാൽ കടുത്ത വിമർശനം ഉണ്ടാകുമെന്നാണ് സർക്കാറിൻറെ പേടി. ദില്ലി സന്ദർശനശേഷം മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം ഇയാഴ്ച ചേരുന്ന അവലോകനയോഗം കൂടുതൽ ഇളവാണോ നിയന്ത്രണമാണോ എന്നതിൽ അന്തിമതീരുമാനം എടുക്കും..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona