രമേശ് ചെന്നിത്തലയും വി ഡി സതീശനും അടക്കുള്ള കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഇതിന് പിന്നാലെയാണ് റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ നിന്ന് ലീഗ് പിൻവാങ്ങാനുള്ള സാധ്യതയേറുന്നത്.
കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീൻ റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീഗിൽ ആശയകുഴപ്പം. രമേശ് ചെന്നിത്തലയും വി ഡി സതീശനും അടക്കുള്ള കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഇതിന് പിന്നാലെയാണ് റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ നിന്ന് ലീഗ് പിൻവാങ്ങാനുള്ള സാധ്യതയേറുന്നത്. സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററിലാണ് സിപിഎം നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് രാഷ്ട്രീയ, മത,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെയാണ് ക്ഷണിക്കുന്നത്. സമസ്ത ഉള്‍പ്പെടെയുളള ഭൂരിഭാഗം മുസ്ലിം സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ലീഗിനെ ക്ഷണിക്കാനാണ് സിപിഎം നീക്കം.മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ തരൂര്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ ആ പരിപാടിയുടെ സംഘാടകകരായിരുന്ന ലീഗിനോട് വ്യത്യസ്തമായ സമീപനമാണ് സിപിഎം പ്രകടിപ്പിക്കുന്നത്.
