ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. തെരഞ്ഞെടുപ്പ് ഫലം താത്കാലികം മാത്രമാണ്. അസാധാരണ വിധി എഴുത്തായി വിലയിരുത്തേണ്ടതില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം: പുതുപ്പളളിയിൽ യുഡിഎഫ് വിജയത്തിന്റെ പ്രധാന ഘടകം സഹതാപ തരംഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. തെരഞ്ഞെടുപ്പ് ഫലം താത്കാലികം മാത്രമാണ്. അസാധാരണ വിധി എഴുത്തായി വിലയിരുത്തേണ്ടതില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി വോട്ട് യുഡിഎഫിന് കിട്ടി എന്ന എംവി ഗോവിന്ദന്റെ ആരോപണത്തിനും സുരേന്ദ്രൻ മറുപടി പറഞ്ഞു. സർക്കസിലെ കോമാളികൾ പോലും ഇത്തരം തമാശ പറയില്ല. വിഡ്ഢിത്തം ജനങ്ങൾക്ക് മനസ്സിലാകും. വോട്ട് കുറഞ്ഞിൽ സംഘടനാപരമായ വീഴ്ച എന്തെങ്കിലും ഉണ്ടോ എന്നത് അടക്കം പരിശോധിക്കും. വോട്ട് കുറഞ്ഞതിന് മറ്റുള്ളവരെ പഴിക്കുന്ന നിലപാട് വാസവനും ഗോവിന്ദനും ഉള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ ബഹുദൂരം പിന്നിലാക്കി. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ല.
