Asianet News MalayalamAsianet News Malayalam

ഈരാറ്റുപേട്ട അവിശ്വാസം സിപിഎമ്മിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും; ആരോപണങ്ങൾ നിഷേധിച്ച് സിപിഎം

മഹാരാജാസ് കോളേജിൽ എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിനെ പരാമർശിച്ചാണ് വിഡി സതീശന്റെ ആക്രമണം. വട്ടവടയിലെ അഭിമന്യുവിനെ എ വിജയരാഘവൻ ഓർക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. 

 

congress and bjp attack cpm on Erattupetta controversy
Author
Kottayam, First Published Sep 14, 2021, 1:14 PM IST

കോട്ടയം: ഈരാറ്റുപേട്ടയിൽ സിപിഎം അവിശ്വാസത്തെ എസ്ഡിപിഐ പിന്തുണച്ചത് ആയുധമാക്കി കോൺഗ്രസ്സും ബിജെപിയും. എന്നാൽ ഈരാറ്റുപേട്ടയിൽ പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽ വ്യതിചലനം ഉണ്ടായിട്ടില്ല എന്നാണ് സിപിഎം വിശദീകരണം

മഹാരാജാസ് കോളേജിൽ എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിനെ പരാമർശിച്ചാണ് വിഡി സതീശന്റെ ആക്രമണം. വട്ടവടയിലെ അഭിമന്യുവിനെ എ വിജയരാഘവൻ ഓർക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. 

 

അതേസമയം നാർകോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെടുത്തിയാണ് ബിജെപി സിപിഎമ്മിനെ കടന്നാക്രമിക്കുന്നത്. പാലാ ബിഷപ്പിനെ ആക്രമിക്കാനെത്തിയ ഗുണ്ടകളുമായി സിപിഎം സഖ്യം ചെയ്തുവെന്നും ഇക്കാര്യത്തിൽ കേരള കോൺഗ്രസ് എം നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

എന്നാല്‍ എസ്ഡിപിഐയുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നാണ് സിപിഎം പ്രതികരണം. സിപിഎം ആവശ്യപ്പെട്ടിട്ടല്ല എസ്ഡിപിഐ അവിശ്വാസത്തെ പിന്തുണച്ചത്. എസ്ഡിപിഐ പിന്തുണച്ചാൽ എൽഡിഎഫ് ഭരണത്തിന് നിൽക്കില്ല. ഈരാറ്റുപേട്ടയിലെ തന്നെ മുൻ നടപടികൾ ചൂണ്ടിക്കാണിച്ചാണ് ആണ് സിപിഎം മറുപടി. 

 

Read More: 'സിപിഎം എസ്ഡിപിഐയുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ല'; നിലപാടിലുറച്ച് വി എൻ വാസവൻ

എസ്ഡിപിഐ പിന്തുണ വലിയ വിവാദമായ സാഹചര്യത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ തുടർ നീക്കങ്ങൾ വളരെ ആലോചിച്ചു മതിയെന്നാണ് കീഴ്ഘടകത്തിനുള്ള സിപിഎം നിർദ്ദേശം. 

ഈരാറ്റുപേട്ടയിലെ പ്രശ്നം
 
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്‌ഡിപിഐ പിന്തുണയോടെ പാസായതോടെയാണ് ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായത്. ഈരാറ്റുപേട്ടയിൽ 28 അംഗ നഗരസഭയിൽ യുഡിഎഫിന് 14  അംഗങ്ങളാണുണ്ടായിരുന്നത്. എൽഡിഎഫിന് 9 അംഗങ്ങളും, എസ്ഡിപിഐക്ക് അഞ്ചും. 

ലീഗ് ചെയർപേഴ്സൺ സുഹറ അബ്ദുൾഖാദറിനോട് വിയോജിപ്പുണ്ടായിരുന്ന കോൺഗ്രസ് അംഗം അൻസൽന പരീക്കുട്ടിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. പ്രമേയം എസ്ഡിപിഐ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു. 

അൻസൽനയും പ്രമേയത്തെ അനുകൂലിച്ചു. യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. അവിശ്വാസ പ്രമേയത്തെ ആർക്കും അനുകൂലിച്ചു വോട്ടു ചെയ്യാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാട്. നഗരസഭയിൽ സ്വീകരിച്ചത് വിവേചനത്തിനും ഏകാധിപത്യത്തിനുമെതിരായ നിലപാടാണെന്നാണ് എസ്ഡിപിഐ പറയുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios