തൃശൂർ പാറളം പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. ജനാധിപത്യത്തിന്റെ വിജയമെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചപ്പോൾ, പാറളത്ത് ഇന്ത്യ മുന്നണിയായി പ്രവർത്തിക്കുമെന്ന് സിപിഐ വ്യക്തമാക്കി.

തൃശൂർ: തൃശൂർ പാറളത്ത് അവിശ്വാസം പാസായതോടെ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. കോൺഗ്രസിനെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാൽ, കോൺ​ഗ്രസ് അം​ഗങ്ങളിൽ ചിലരുടെ വോട്ട് അസാധുവായി. അവിശ്വാസം പാസയതോടെ യുഡിഎഫ് നേതാക്കൾ മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് ഇറങ്ങി. പിന്നാലെ പ്രകോപന മുദ്രാവാക്യവുമായി ബിജെപിയും രം​ഗത്തെത്തി. ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് പറഞ്ഞു.

കോൺഗ്രസ് അംഗത്തിന് തെറ്റുപറ്റിയത് കൊണ്ടാണ് വോട്ട് അസാധുവായതെന്നും അബദ്ധം പറ്റിയതാണെന്നും കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു. ബിജെപിയുടെ ഭരണഘടനാ നിലപാടിനെതിരെ വോട്ട് ചെയ്തുവെന്ന് പ്രമേയത്തെ പിന്തുണച്ച സിപിഐ അം​ഗം പ്രതികരിച്ചു. പാറളത്ത് ഇന്ത്യ മുന്നണിയായി നിന്ന് പ്രവർത്തിക്കുമെന്നും സിപിഐ വിശദീകരിച്ചു.

ബിജെപിക്കും കോണ്‍ഗ്രസിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തില്‍ കോൺ​ഗ്രസാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസിന് ആറും ബിജെപി ആറും ഇടതു പക്ഷത്തിന് അഞ്ച് അംഗങ്ങളുമെന്നതാണ് പാറളത്തെ കക്ഷി നില. ബിജെപിയാണ് പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്നത്. ഭരണം ഏഴുമാസം പിന്നിടുമ്പോഴാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്. ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തിലെത്തിയ ഭരണസമിതിയെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ഇടത് ശ്രമമെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു.