ഇരിക്കൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. സജീവ് ജോസഫ് 42,426 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 90,895 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി കേരള കോൺഗ്രസിലെ അഡ്വ. മാത്യു കുന്നപ്പള്ളിയ്ക്ക് 48,469 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ ഉറച്ച കോട്ടയായ ഇരിക്കൂറിൽ കെ സി ജോസഫിന്റെ പാരമ്പര്യം തുടരും. 

ഇരിക്കൂർ: ഇരിക്കൂർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥി അഡ്വ സജീവ് ജോസഫിന് വമ്പൻ ജയം. 42,426 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ 90,895 വോട്ടുകളാണ് സജീവ് സ്വന്തമാക്കിയത്. കേരള കോണ്‍ഗ്രസിന്‍റെ അഡ്വ മാത്യു കുന്നപ്പള്ളിയ്ക്ക് 48,469 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. എന്‍ഡിഎ സ്ഥാനാർത്ഥിയായി ടി 20 -യ്ക്ക് കീഴിൽ മത്സരിച്ച ശ്രീനാഥ് പത്മനാഭന് 9,617 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ശ്രീകണ്ഠാപുരം, ഇരിട്ടി താലൂക്കിലെ ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാ മണ്ഡലം.

1957 -ൽ തന്നെ നിലവിൽ വന്ന മണ്ഡലമാണ് ഇരിക്കൂർ. 'കേരളത്തില്‍ കോണ്‍ഗ്രസ് ഏതൊക്കെ സീറ്റില്‍ തോറ്റാലും ജയമുറപ്പുള്ള മണ്ഡലം', അതാണ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ നിയമസഭ മണ്ഡലത്തെ കുറിച്ച് നാല് പതിറ്റാണ്ടിലേറെയായി പറഞ്ഞ് കേള്‍ക്കുന്നത്. ഇടത് വേരുകള്‍ അവകാശപ്പെടാമെങ്കിലും നാല് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് ഇരിക്കൂര്‍. സാക്ഷാല്‍ ഇ കെ നായനാര്‍ 1970 -ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചരിത്രം ഇരിക്കൂറിലുണ്ടെങ്കിലും 1982 മുതല്‍ 2016 വരെ കെ സി ജോസഫ് എട്ടുവട്ടം തുടര്‍ച്ചയായി വിജയിച്ചുവന്ന മണ്ഡലം എന്ന നിലയിലാണ് ഇരിക്കൂര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്.

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ അഡ്വ. സജീവ് ജോസഫായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ സജി കുറ്റ്യാനിമറ്റം മത്സരിച്ചപ്പോള്‍ സജീവ് ജോസഫ് 10,010 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അങ്ങനെ കെ സി ജോസഫിന്‍റെ പാരമ്പര്യം സജീവ് ജോസഫ് തുടര്‍ന്നു പോരുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ വികസന പദ്ധതികളാണ് എൽഡിഎഫ് പ്രചരണായുധമായി മുന്നോട്ടുവച്ചത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ പ്രതീക്ഷയിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.