മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രി തെരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടിയിൽ സാധാരണയുള്ള രീതിയെന്ന് വി എം സുധീരൻ പ്രതികരിച്ചപ്പോള്‍ ജനാഭിലാഷം മനസ്സിലാക്കി നേതൃത്വം തീരുമാനമെടുക്കുമെന്ന് കെ ബാബു പറഞ്ഞു.
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായി തുടരുന്നു. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടിയിൽ സാധാരണയുള്ള രീതിയെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പ്രതികരിച്ചപ്പോള്‍ ജനാഭിലാഷം മനസ്സിലാക്കി നേതൃത്വം തീരുമാനമെടുക്കുമെന്ന് മുൻമന്ത്രി കെ ബാബു പറഞ്ഞു.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസിയുടെ കര്‍ശന വിലക്കാണ്. മുഖ്യമന്ത്രി പോരിലെ എതിര്‍പ്പ് എല്ലാ നേതാക്കളെയും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വിളിച്ചറിയിച്ചു. ഏറ്റുമുട്ടലിൽ ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികള്‍ക്കും അതൃപ്തിയാണ്. സതീശന് അനുകൂലമായി ലീഗീനുള്ളിൽ അഭിപ്രായം ഉയര്‍ന്നതായി വാര്‍ത്ത വന്നതിൽ കോണ്‍ഗ്രസിലെ മറു ചേരികള്‍ക്കും നീരസം. വിലക്കിനിടയിലും ചെന്നിത്തലയെ അനുകൂലിച്ച ഇംഗ്ലീഷ് ദിന പത്രത്തിൽ പരസ്യം വന്നു. സതീശനായി ഫ്ലക്സ് ഉയര്‍ന്നു. കെ സി പക്ഷവും നീക്കം തുടരുന്നു. വിലക്ക് വരേണ്ടത് മാധ്യമങ്ങള്‍ക്കെന്ന് പറഞ്ഞ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിന് മാധ്യമങ്ങളെ പഴിക്കുകയാണ് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്.
കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ കെസി പക്ഷം നീങ്ങുമ്പോള്‍ എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് കോണ്‍ഗ്രസിലെ സാധാരണ രീതിയെന്ന വി എം സുധീരന്‍റെ പ്രതികരണം ശ്രദ്ധേയമാണ്. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക എന്നതാണ് സ്വാഭാവിക രിതിയെന്നാണ് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിലെ മുഖ്യമന്ത്രി ചർച്ചകൾ അപ്രസക്തമാണ്. മുഖ്യമന്ത്രി ആരാകണമെന്നതിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും വി എം സുധീരൻ പറഞ്ഞു.
എംഎൽഎമാരിൽ ഒരാളാകുമോയെന്ന മുഖ്യമന്ത്രിയെന്ന ചോദ്യത്തോട് കോണ്‍ഗ്രസുകാരനായിരിക്കുമെന്നാണ് കെ ബാബുവിന്‍റെ മറുപടി. ബാബു നിരാശ അറിയിക്കുമ്പോള്‍ മുഖ്യമന്ത്രി ചര്‍ച്ചയെ പരിഹസിക്കുകയാണ് കെ മുരളീധരൻ. തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ആ നിരാശ ഒഴിവാക്കാനുള്ള വെടിക്കെട്ടാണിതെന്നും ഒരാഴ്ച കഴിയുമ്പോ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു. പി ആർ വർക്കുകൾ പരിധിവിടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഹൈക്കമാൻഡ് ഘടകക്ഷികളുടെ അഭിപ്രായം ചോദിക്കുമെന്നതിനാൽ അവരുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലേയ്ക്കും മുഖ്യമന്ത്രി പദം ആശിക്കുന്ന നേതാക്കള്‍ കടക്കും.

