കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കെ സി വേണുഗോപാലിനെതിരെ മുതിർന്ന നേതാക്കളിൽ ചിലർ. എംപിമാർ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡ് തീരുമാനം. ഇത് നിലനിൽക്കെ കെസി അവകാശ വാദം ഉന്നയിക്കുന്നതിൽ അനൗചിത്യമുണ്ടെന്നാണ് ചില മുതിർന്ന നേതാക്കളുടെ അഭിപ്രായം.

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുന്നതിനിടെ കെസി വേണുഗോപാലിന്റെ അവകാശ വാദത്തിൽ അനൗചിത്യമുണ്ടെന്ന് നിരീക്ഷകരോട് മുതിർന്ന നേതാക്കളിൽ ചിലർ. നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാർ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡ് തീരുമാനം. ഇത് നിലനിൽക്കെ ഹൈക്കമാൻഡിന്റെ ഭാഗമായ കെ സി വേണുഗോപാൽ അവകാശ വാദം ഉന്നയിക്കുന്നതിൽ അനൗചിത്യമുണ്ടെന്നാണ് നിരീക്ഷകരോട് ചില മുതിർന്ന നേതാക്കളുടെ അഭിപ്രായം അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ, കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്കിന്‍റേയും അജയ് മാക്കാന്‍റേയും സാന്നിധ്യത്തില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്താങ്ങി. അതേസമയം, തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വി ഡി സതീശന്‍ നിലപാട് കടുപ്പിച്ചു. ഇക്കാര്യം രാവിലെ താജ് ഹോട്ടലിൽ എത്തി അദ്ദേഹം കേന്ദ്ര നിരീക്ഷകരെ അറിയിച്ചു. എംഎൽഎമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്നും സതീശന്‍ അറിയിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി. അതിനിടെ, കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി. എ ഗ്രൂപ്പിലെ ഒരു വിഭാഗം കെ സി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ വൈകീട്ട് കൂടിക്കാഴ്ച നടത്തും. സതീശനുള്ള പൂർണ്ണ പിന്തുണ മുസ്ലിം ലീഗ് അറിയിക്കും. നിരീക്ഷകർ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രിയെ നിശ്ചയിക്കും. മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ പ്രഖ്യാപനം ഉണ്ടായേക്കും.

YouTube video player