ദില്ലി:  ഡിസിസി പുനസംഘടനയെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് എ,ഐ ഗ്രൂപ്പുകള്‍ വഴങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തീരുമാനം. പ്രവര്‍ത്തനമികവില്ലാത്തവരെ മാറ്റണമെന്ന ഹൈക്കമാന്‍ഡ് നിലപാട് ഗ്രൂപ്പ് നേതാക്കള്‍ അംഗീകരിച്ചു. കോണ്‍ഗ്രസ് മത്സരിച്ച 87 സീറ്റുകളില്‍ അറുപതിടത്ത് ജയസാധ്യതയുണ്ടെന്നാണ് കെപിസിസി സമിതി സംസ്ഥാന ഘടകം ഹൈക്കമാന്‍ഡിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നത്. 

തെരഞ്ഞെടുപ്പിന്  മുമ്പ് ഡിസിസികളിലെ അഴിച്ചുപണി തിരിച്ചടിയാകുമെന്ന കാരണം ഉന്നയിച്ച് ഹൈക്കമാന്‍ഡ് നീക്കത്തിന് തടയിടാനായിരുന്നു എഐ ഗ്രൂപ്പ് നേതാക്കളുടെ ശ്രമം. പകരക്കാരുടെ പട്ടികയായി പ്രവര്‍ത്തന പരിചയമില്ലാത്തവരെ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ കടുത്ത അതൃപ്തി ഹൈക്കമാന്‍ഡ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , കാസര്‍ഗോഡ് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ഇരട്ട പദവി വഹിക്കുന്ന പാലക്കാട്, എറണാകുളം, വയനാട് അധ്യക്ഷന്മാരെയും മാറ്റിയേക്കും. പ്രവര്‍ത്തന മികവിന്‍റെ പേരില്‍ കൊല്ലം ഡിസിസി അധ്യക്ഷയെ മാറ്റണമെന്ന ആലോചനകളുണ്ടെങ്കിലും വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് ബിന്ദുകൃഷ്ണയെ നിലനിര്‍ത്തിയേക്കും.
 
കഴിഞ്ഞ തവണ മത്സരിച്ച എംഎല്‍എമാർക്ക് ഇത്തവണയും സീറ്റ് നല്‍കണമെന്നാണ് ജയസാധ്യതയെ കുറിച്ച് പഠിച്ച കെപിസിസി സമിതിയുടെ ശുപാര്‍ശ. ബിജെപി ശക്തി നേടുന്ന സാഹചര്യത്തിൽ തെക്കന്‍ കേരളത്തില്‍  കൂടുതല്‍ ജാഗ്രത വേണ്ടിവരും.  പാർട്ടിയിൽ നിന്നകന്ന ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഉറപ്പിച്ചെങ്കില്‍ മാത്രമേ മധ്യകേരളത്തില്‍ നില മെച്ചപ്പെടൂ. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കാമെന്ന ആത്മവിശ്വാസം  റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നുണ്ട്. അതേ സമയം മുമ്പ് മത്സരിച്ച 87 സീറ്റുകളിലേക്കും എഐ ഗ്രൂപ്പുകള്‍ പരിഗണിന പട്ടിക കൈമാറും. ഗ്രൂപ്പുകള്‍ നല്‍കുന്ന പട്ടിക എഐസിസി സമിതി കൂടി പരിശോധിച്ച ശേഷമാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അന്തിമ തീരുമാനം.