മാസപ്പടി കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സ്വീകരിച്ചതിൽ കോൺഗ്രസ്സിനുള്ളിൽ കടുത്ത ഭിന്നത. ഉമ്മൻചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് നൽകുന്നതിനെതിരെ മാത്യു കുഴൽനാടൻ പാർലമെൻ്ററി പാർട്ടി യോഗത്തിൽ തുറന്നടിച്ചു. എന്നാൽ തിടുക്കത്തിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.

തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ പിണറായിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിൽ കോൺഗ്രസ്സിൽ കടുത്ത ഭിന്നത. ഉമ്മൻചാണ്ടിക്ക് എൽഡിഎഫ് സർക്കാർ നൽകാത്ത നീതി എന്തിനാണ് പിണറായിക്ക് നൽകുന്നതെന്ന് പാർലമെൻ്ററി പാർട്ടി യോഗത്തിൽ മാത്യുകുഴൽ നാടൻ തുറന്നടിച്ചു. മാത്യുവിന് ചെറുപ്പത്തിൻറെ ആവേശമാണെന്നും അതിവേഗം കേസെടുക്കേണ്ട എന്നതാണ് ശരിയായ രാഷ്ട്രീയലൈൻ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയും മാത്യുവും തമ്മിൽ യോഗത്തിൽ ഏറെ നേരം വാദപ്രതിവാദവുണ്ടായി.

മാസപ്പടിയിൽ പിണറായിക്കും സർക്കാറിനുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടിയേറ്റത്. ഇഡിയുടെ അടുത്ത നീക്കങ്ങളിൽ പിണറായിക്ക് ആശങ്കയുണ്ടെങ്കിൽ കോൺഗ്രസ്സിൽ വിധി കടുത്ത രാഷ്ട്രീയപ്രതിസന്ധിയുണ്ടാക്കി. രാവിലെ നിയമസഭാ മന്ദിരത്തിലെ വാർത്താ സമ്മേളനത്തിൽ എജിയെ തള്ളിയ മാത്യുകുഴൽ നാടൻ പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. എജിയെ പൂർണ്ണമായും ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും.

മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തിന് ശേഷവും മാത്യു പിന്മാറിയില്ല. സിഎൽപിയിൽ ആഞ്ഞടിച്ചു. ഉമ്മൻചാണ്ടിക്ക് സോളാർ കേസിൽ പിണറായി സർക്കാർ നൽകാത്ത നീതി എന്തിന് പിണറായിക്ക് യുഡിഎഫ് സർക്കാർ നൽകുന്നുവെന്നായിരുന്നു ചോദ്യം. ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞപ്പോൾ മാത്യുവിനെ പലരും കയ്യടിച്ചു. പക്ഷെ പിന്നീട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരുമിച്ച് സർക്കാർ നിലപാടിനെ ന്യായീകരിച്ചു. ചാടിക്കയറി എഫ്ഐആർ ഇട്ടാൽ സിപിഎം ആയുധമാക്കും. അതൊഴിവാക്കാനുള്ള രാഷ്ട്രീയലൈനാണ് സർക്കാർ എടുത്തത്. ഒരുവേള മാത്യുവും മുഖ്യമന്ത്രിയും വാദപ്രതിവാദമുണ്ടായി. പിണറായിക്കെതിരായ പ്രാചരണങ്ങൾ പാർട്ടി മറന്നോ എന്നായിരുന്നു മാത്യുവിൻറെ ചോദ്യം. മാത്യുവിന് ചെറുപ്പത്തിൻറെ ആവേശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി യോഗത്തിൻറെ തീരുമാനവും തിടുക്കത്തിൽ കേസ് വേണ്ടെന്നാണെന്ന് വിഡി സതീശൻ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തിന് യോഗം ഒടുവിൽ പിന്തുണച്ചു.

YouTube video player