തിരുവനന്തപുരം: പ്രവാസികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് എംഎം ഹസന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവന് മുന്നിൽ ധർണ നടത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സമരം. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. സാമൂഹിക അകലം പാലിച്ച് അടൂര്‍ പ്രകാശ് എംപി, എംഎല്‍എമാരായ വിഎസ് ശിവകുമാര്‍, കെഎസ് ശബരീനാഥന്‍, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ ധര്‍ണയില്‍ പങ്കെടുക്കും.

അതേസമയം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ പങ്കെടുക്കുന്ന കൊവിഡ് - 19 അന്താരാഷ്ട്ര പാനൽ ചർച്ച ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 മണിക്കാണ് സെമിനാർ. കാനഡ, യു എസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. 
കൊവിഡ് വ്യാപനം തടയാൻ വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യ വിദഗ്ധരുമായി കേരളത്തിലെ ആരോഗ്യ വിദഗ്ധർ നടത്തുന്ന ഓൺലൈൻ വീഡിയോ കോൺഫറൻസ് അസോസിയേഷൻ ഓഫ് കേരളൈറ്റ് മെഡിക്കൽ ഗ്രാജുവേറ്റിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും തത്സമയം ലഭ്യമാകും.

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും. മെയ് മൂന്ന് വരെ ഗ്രീൻ സോൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. മൂന്ന് പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേരും കാസർകോട് ജില്ലക്കാരാണ്. പതിനഞ്ച് പേർ ഇന്നലെ സംസ്ഥാനത്ത് രോഗമുക്തരായി. അഞ്ച് പേരാണ് കാസർകോട് ഇന്നലെ രോഗമുക്തരായത്. 116 പേരാണ് രോഗബാധിതരായി ഇപ്പോൾ ചികിത്സയിലുള്ളത്.