1970 ൽ മണ്ഡലം രൂപീകരിച്ച നാൾ മുതൽ കേരള കോൺഗ്രസുകാരും ജനതാ പാർട്ടിക്കാരും സോഷ്യലിസ്റ്റുകളും മാത്രമാണ് തിരുവല്ലയിൽ നിന്ന് നിയമസഭയിലെത്തിയിട്ടുള്ളത്
പത്തനംതിട്ട: കോൺഗ്രസിലെ വമ്പൻമാരൊക്കെ നോട്ടമിടുന്ന സീറ്റാണ് തിരുവല്ല. ഈ സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസിലെ നീക്കങ്ങളും സജീവമാവുകയാണ്. കേരള കോൺഗ്രസിന് തിരുവല്ല കൊടുക്കരുതെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചിട്ടുണ്ട്.
1970 ൽ മണ്ഡലം രൂപീകരിച്ച നാൾ മുതൽ കേരള കോൺഗ്രസുകാരും ജനതാ പാർട്ടിക്കാരും സോഷ്യലിസ്റ്റുകളും മാത്രമാണ് തിരുവല്ലയിൽ നിന്ന് നിയമസഭയിലെത്തിയിട്ടുള്ളത്. അൻപത് കൊല്ലത്തിനിടയിൽ ഒരു തവണ പോലും കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചിട്ടില്ലെന്നതും ചരിത്രം. ബൂത്ത് തലം 'മുതൽ ദേശിയ നേതൃത്വത്തിൽ വരെ മണ്ഡലത്തിൽ നിന്നുള്ള പ്രമുഖർ ഉണ്ടായിട്ടും കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ ഇറക്കാൻ കഴിയാത്തതിന്റെ അമർഷം ഉള്ളിലൊതുക്കിയാണ് പ്രവർത്തകർ കഴിഞ്ഞ കാല തെരഞ്ഞടുപ്പുകളെ നേരിട്ടത്.
എന്നാൽ ഇത്തവണ ഘടകക്ഷിക്ക് വേണ്ടി പണിയെടുക്കാൻ ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് പ്രദേശിക നേതൃത്വം. മുതിർന്ന നേതാവ് പി ജെ കുര്യൻ മത്സരിക്കാനുളള താത്പര്യം ദേശീയ നേതൃത്യത്തെ അറിയിക്കുകയും ചരടുവലികൾ സജീവമാക്കുകയും ചെയ്തതിനിടയാണ് പ്രാദേശിക വികാരം ഉയരുന്നതെന്നതും ശ്രദ്ധയം. കെപിസിസി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറന്പൻ, എൻ ഷൈലാജ് കെപിസിസി നിർവാഹക സമിതി അംഗം റെജി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റമാരെയും മണ്ഡലം അധ്യക്ഷൻമാരുടെയും യോഗം ചേർന്ന് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയർത്തുന്നത്
യോഗത്തിന് പിജെ കുര്യൻ്റെ മൗന അനുവാദം ഉണ്ടെങ്കിലും കുര്യൻ സ്ഥാനാർത്ഥിയാകുന്നതിനോട് കെ പി സി സി സെക്രട്ടറിമാരടക്കം ഭൂരിഭാഗം പേർക്കും വിയോജിപ്പാണ്. കുര്യനെതിരെ പ്രദേശിക വികാരം ശക്തമായാൽ താൻ നിർദേശിക്കുന്ന ആൾക്ക് സീറ്റ് കൊടുക്കണമെന്ന നിലാപാടായിരിക്കും പിജെ കുര്യൻ നേതൃത്വത്തെ അറിയിക്കുക. സീറ്റ് ഏറ്റെടുക്കുമെന്ന ഘട്ടമെത്തിയാൽ എ ഐ ഗ്രൂപ്പുകളും അവകാശവാദം ഉന്നയിക്കും.
