Asianet News MalayalamAsianet News Malayalam

പോര് സജീവം; കോൺ​ഗ്രസ് ​ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നു

എ ഗ്രൂപ്പുമായി ഉടക്കി യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച ബെന്നി ബെഹനാൻ ഐ ഗ്രൂപ്പുമായി കൂടുതലടുത്തു. എ ഗ്രൂപ്പിൽ രണ്ടാം നിര നേതൃത്വത്തെച്ചൊല്ലിയും തർക്കമുണ്ട്.
 

congress group clashes update
Author
Thiruvananthapuram, First Published Oct 9, 2020, 6:56 AM IST

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പിനുള്ളിലെ പോരും ഗ്രൂപ്പ് സമവാക്യം മാറ്റത്തിന്റെ നീക്കങ്ങളും സജീവം. എ ഗ്രൂപ്പുമായി ഉടക്കി യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച ബെന്നി ബെഹനാൻ ഐ ഗ്രൂപ്പുമായി കൂടുതലടുത്തു. എ ഗ്രൂപ്പിൽ രണ്ടാം നിര നേതൃത്വത്തെച്ചൊല്ലിയും തർക്കമുണ്ട്.

ഉമ്മൻചാണ്ടിയുടെ വലംകൈയ്യായിരുന്ന ബെന്നി ബെഹനാന്റെ കൺവീനർ സ്ഥാനത്തെ രാജിയെ തുടർന്നാണ് കോൺ​ഗ്രസിൽ ​ഗ്രൂപ്പ് പോര് മുറുകിയത്. കൺവീനർ സ്ഥാനത്തിരിക്കെ തന്നെ ബെന്നി ഐ ​ഗ്രൂപ്പുമായി സമവായപാതയിലായിരുന്നു. പുകച്ചുപുറത്തുചാടിച്ചു എന്ന പരാതിയുള്ള ബെന്നി ബെഹനാൻ രമേശ് ചെന്നിത്തലയുമായി ഇപ്പോൾ കൂടുതൽ അടുപ്പത്തിലാണ്. കെസി വേണുഗോപാലുമായും ബെന്നി അടുത്തിടെ ചർച്ച നടത്തിയിരുന്നു. എന്നാൽ, ബെന്നി ഗ്രൂപ്പ് വിടില്ലെന്നാണ് എ ഗ്രൂപ്പിന്റെ വിശദീകരണം.

ഗ്രൂപ്പ് സമ്മർദ്ദം മൂലം ബെന്നി കൺവീനർ സ്ഥാനം രാജിവെച്ചിട്ടും എ ഗ്രൂപ്പിലെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. പിസി വിഷ്ണുനാഥിനെപ്പോലെയുള്ളവർ നിയന്ത്രണം ഏറ്റെടുക്കുന്നുവെന്നാണ് ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ പരാതി. ഇതിനിടെ കെ വി തോമസിനെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട തോമസിന് അർഹമായ പരിഗണന നൽകണമെന്ന് ​ഗ്രൂപ്പിനതീതമായി അഭിപ്രായമുണ്ട്. ഹസ്സൻ യുഡിഎഫ് കൺവീനറായതോടെ പാർട്ടി ചാനലിലും ഉടൻ മാറ്റങ്ങൾ വരും. ചാനലിൻറെ നിയന്ത്രണം ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്ന് കെവി തോമസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

Follow Us:
Download App:
  • android
  • ios