കൊച്ചി: ത‍ദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷൻ കൈവിട്ടത്തിന് പിന്നാലെ എറണാകുളത്തെ കോൺഗ്രസിൽ ഗ്രൂപ്പ് പോര്.  വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കൊച്ചി നഗരസഭ ഭരണം നഷ്ടപ്പെടുത്തിയതിനു പിന്നില്‍ കോണ്‍ഗ്രസ് ജില്ലാ നേതാക്കളാണെന്ന ആരോപണവുമായി പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എഎസ് യേശുദാസ് രംഗത്തെത്തി.

കൊച്ചി കോർപറേഷനിലെ ഏട്ടാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു എ.എസ് യേശുദാസ്. കോണ്‍ഗ്രസ് വിമതനായ സനിൽ മോനോട് 162 വോട്ടിന് തോറ്റു. വിമതന്മാരെ നിര്‍ത്തി ഐ വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെുപിടിച്ച് എ വിഭാഗം തോല്‍പ്പിച്ചുവെന്നാണ് യേശുദാസിന്‍റെ ആരോപണം. ഡിസിസി ജനറൽ സെക്രട്ടറി അബ്ദുള്‍ ലത്തീഫടക്കമുള്ളവര്‍ ചേർന്നാണ് ഐ വിഭാഗം സ്ഥാനാർത്ഥികളെ തോൽപിച്ചതെന്നാണ് പരാതി.

 ഗ്രൂപ്പ് തര്‍ക്കവും വിമതന്മാരുമാണ് കൊച്ചിയില്‍ യുഡിഎഫിന്റെ പരാജയത്തിനു കാരണമെന്ന  വിലയിരുത്തല്‍ ശക്തമായതിനിടെയാണ് പരസ്യ ആരോപണവുമായി സ്ഥാനാര്‍ത്ഥി  തന്നെ രംഗത്തു വന്നത്. എന്നാല്‍ വിമതരെ നിര്‍ത്തിയതില്‍ തനിക്ക് പങ്കില്ലെന്ന് ഡിസിസി  ജനറൽ സെക്രട്ടറി പികെ അബ്ദുള്‍ ലത്തീഫ് വ്യക്തമാക്കി