മുഖ്യമന്ത്രിയാകാൻ യോഗ്യരായ പലരും പാർട്ടിയിൽ ഉണ്ടെന്നും പിജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആര് മുഖ്യമന്ത്രിയാകണമെന്ന ചർച്ച ആവശ്യമില്ല, അതിന് തർക്കങ്ങളില്ലെന്നും കുര്യൻ പറയുന്നു.

കൊച്ചി: ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. തരൂരിന് കോൺഗ്രസ് നൽകിയത് ഒരു എംപിക്ക് ലഭിക്കാവുന്ന ഉയർന്ന പരിഗണന. അദ്ദേഹത്തിന് വ്യക്തിപരമായ സ്വാധീനം വോട്ടർമാർക്കിടയിൽ കുറഞ്ഞു. മണ്ഡലത്തിൽ സജീവമല്ലാതിരുന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതെന്നും പിജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അർഹതപ്പെട്ട തരത്തിൽ പദവി ലഭിച്ചില്ല എന്നതിൽ തരൂർ അസ്വസ്ഥനാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി വോട്ട് ചെയ്തത് കൊണ്ടാണ് ഇത്തവണ ജയിച്ചതെന്ന് തരൂർ മറക്കരുത്. നാല് തവണ തരൂർ ജയിച്ചു. തരൂരിനെ കോൺഗ്രസ് മന്ത്രിയാക്കി, ഹൈക്കമാൻഡിൽ ഇടം നൽകി. ഇപ്പോൾ പാർട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് തനിക്ക് ഇന്നത് വേണമെന്ന് പറഞ്ഞ് അലോസരമുണ്ടാക്കുന്നത് ശരിയല്ല. ഇന്ന് തരൂർ അവൈലബിളല്ല എന്ന് ജനത്തിന് തോന്നിത്തുടങ്ങി. അതുകൊണ്ടാണ് വോട്ട് കുറഞ്ഞതെന്നും കുര്യൻ പറയുന്നു. ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ചോദിക്കുന്നത് പാർട്ടിയിൽ അലോസരമുണ്ടാക്കുമെന്നും പിജെ കുര്യൻ പറഞ്ഞു. 

മുഖ്യമന്ത്രിയാകാൻ യോഗ്യരായ പലരും പാർട്ടിയിൽ ഉണ്ടെന്നും പിജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആര് മുഖ്യമന്ത്രിയാകണമെന്ന ചർച്ച ആവശ്യമില്ല, അതിന് തർക്കങ്ങളില്ലെന്നും കുര്യൻ പറയുന്നു. തെരഞ്ഞെടുത്ത എംഎൽഎമാരും ഹൈക്കമാൻഡും ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പദത്തിന് യോഗ്യനാണ്, അത് പോലെ യോഗ്യരായ മറ്റ് നേതാക്കളുണ്ട്. അതൊക്കെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും കുര്യൻ പറഞ്ഞു. 

രാഷ്ട്രീയകാര്യ സമിതി ജംബോ ബോഡിയായാൽ വലിയ ചർച്ചകളൊന്നും നടക്കില്ല എന്നത് ശരിയാണ്. അതുകൊണ്ട് കമ്മിറ്റി വെട്ടിക്കുറച്ചത് നന്നായി എന്നതാണ് തന്‍റെ അഭിപ്രായം. കെപിസിസി പുനസംഘടന വേഗത്തിലാക്കണം. വൈകുന്നതിൽ അതൃപ്തിയുണ്ട്. കെപിസിസി പ്രസിഡന്‍റിനെ മാറ്റണമെന്നല്ല. കെപിസിസി, ഡിസിസി സെക്രട്ടറിമാരെ വേഗത്തിൽ നിയമിക്കണമെന്നും പിജെ കുര്യൻ പറഞ്ഞു.

'തരൂരിന്റെ വ്യക്തിപരമായ സ്വാധീനം കുറഞ്ഞു, കൂടുതൽ ചോദിക്കുന്നത് അലോസരമുണ്ടാക്കും'

Read More : മൂന്നര വര്‍ഷമായി പാര്‍ട്ടി ശക്തം, അധ്യക്ഷനെ മാറ്റുന്നത് ശരിയല്ല; കെ സുധാകരന് പിന്തുണയുമായി ഒരു വിഭാഗം നേതാക്കൾ