തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും. എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ നിലപാട് തേടും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ശ്രമം. മറ്റ് തടസങ്ങളില്ലെങ്കിൽ കെ സി വേണുഗോപാലിന്റെ വരവും പരിഗണനയിലുണ്ട്.
ദില്ലി: യുഡിഎഫിന് ഫലം അനുകൂലമെങ്കില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നാളെ തന്നെ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ പിന്തുണ തേടുന്നതടക്കം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. നടപടികൾ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ നിലപാട് തേടും. ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് കെ സി വേണുഗോപാല്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ആര് മുഖ്യമന്ത്രിയാകണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്ന് മുസ്ലീം ലീഗ് നേതാവ് മുനവറലി തങ്ങള്‍ വ്യക്തമാക്കി.

കേരളത്തിലെ ഫലം എഐസിസിക്കും ഏറെ നിര്‍ണ്ണായകം. നാളെ വോട്ടെണ്ണുന്ന സംസ്ഥാനങ്ങളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം പൂര്‍ണ്ണ വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നത് കേരളത്തില്‍ മാത്രമാണ്. 85നും 90 നുമിടയില്‍ സീറ്റുകളാണ് എഐസിസിയുടെ പ്രതീക്ഷ. ഫലം അനുകൂലമെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം വൈകേണ്ടതില്ലെന്നാണ് കണക്ക് കൂട്ടുന്നത്. സച്ചിന്‍ പൈലറ്റ്, ഇമ്രാന്‍ പ്രതാപ് ഗഡി എംപി, കര്‍ണ്ണാടകത്തിലെ മന്ത്രി കെ ജെ ജോര്‍ജ്, കനയ്യ കുമാര്‍ എന്നിവരടങ്ങുന്ന നിരീക്ഷക സംഘം നാളെ തന്നെ തിരുവനന്തപുരത്ത് എത്തും. നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ ശേഷം തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കും. ഘടകകക്ഷികളുമായി ഫലം വന്ന ശേഷം ഒരു വട്ടം കൂടി ഹൈക്കമാന്‍ഡ് നേതൃത്വം സംസാരിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭൂരിപക്ഷം ഉണ്ടാകുമെന്നും വിജയം ഉറപ്പെന്നും കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷി പ്രതികരിച്ചു.
എംഎല്‍എമാരില്‍ ഭൂരിപക്ഷ പിന്തുണ കെ സി വേണുഗോപാല്‍ പക്ഷം ഉറപ്പാക്കി കഴിഞ്ഞു. മുഖ്യമന്ത്രി ആരെന്നതില്‍ ഹൈക്കമാന്‍ഡ് നിലപാടാണ് നിര്‍ണ്ണായകം. മുഖ്യമന്ത്രി സ്ഥാനത്തേത്ത് ഹൈക്കമാന്‍ഡ് നിലപാട് തേടിയാല്‍ കെ സി വേണുഗോപാല്‍ താല്‍പര്യമറിയിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി അനുവാദം നല്‍കിയാല്‍ മറ്റ് കടമ്പകളൊന്നും പരിഗണിക്കില്ല. വി ഡി സതീശനായി നേരത്തെ മുന്നോട്ട് വന്ന ലീഗ് നേതൃത്വം, ആര് മുഖ്യമന്ത്രിയാകണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും അതിനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനുണ്ടെന്നുമുള്ള നിലപാടിലേക്കെത്തി.
അതേസമയം, കേരളത്തില്‍ വി ഡി സതീശനായി ജില്ലകളിലുടനീളം ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്ന് കഴിഞ്ഞു. നിലപാടുകളുടെ രാജകുമാരന്‍റെ കൈകകളില്‍ കേരളം ഭദ്രം എന്നതടക്കം ഒരേ വാചകങ്ങളും, ഗ്രാഫിക്സ് ലേ ഔട്ടുമായാണ് പലയിടങ്ങളിലും ഫ്ലക്സുകള്‍ ഉയര്‍ന്നത്. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ഉയര്‍ത്തിയത്. സതീശന്‍റെ ഫ്ലക്സ് നശിപ്പിച്ചു. ചെന്നിത്തലക്കായി പരുമലപ്പള്ളിയില്‍ കുര്‍ബാന നേര്‍ച്ച നടന്നു.
യുഡിഎഫിന് 100 സീറ്റ് വരെ കിട്ടുമെന്ന് പ്രതീക്ഷ
തരംഗമെങ്കിൽ 100 സീറ്റ് വരെ കിട്ടി അധികാരത്തിൽ എത്തും എന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ന് മുകളിൽ സീറ്റ് യുഡിഎഫ് ഉറപ്പിക്കുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് പ്രവർത്തകരോട് കോൺഗ്രസ് നേതൃത്വം നിർദേശിച്ചു. കൗണ്ടിംഗ് ഏജന്റുമാർക്ക് ഇത്തവണ പ്രത്യേക ട്രെയിനിംഗും പൂർത്തിയാക്കി. പ്രതിപക്ഷ വി ഡി സതീശൻ നാളെ തലസ്ഥാനത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലിരുന്നാകും ഫലം അറിയുക. ഫലം വന്ന ശേഷം മാധ്യമങ്ങളെ കാണും. വോട്ടെണ്ണൽ തലേന്ന് പറവൂരിൽ പൊതുപരിപാടികളിലാണ് വിഡി സതീശൻ. രാവിലെ ഒരു പള്ളിയിൽ പന്തലിന്റെ കാൽനാട്ടൽ ചടങ്ങിനെത്തി. മാധ്യമങ്ങൾ പല കുറി ചോദിച്ചിട്ടും എല്ലാം നാളെ പറയാം എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ സി വേണുഗോപാൽ കെപിസിസി ഓഫീസിലും രമേശ് ചെന്നിത്തല ഹരിപ്പാടും ഫലമറിയും.

