എം എം ഹസ്സൻ,ബെന്നിബഹനാന്‍, കെസിജോസഫ് എന്നീ നേതാക്കൾ ഇന്ന് ഉമ്മൻചാണ്ടിയെ കാണും.കോൺഗ്രസ് അധ്യക്ഷനെ നേരിട്ട് കണ്ട് പരാതി പറയാനും എ ഗ്രൂപ്പ് നീക്കം
തിരുവനന്തപുരം:കോൺഗ്രസ് പൂനസംഘടനതർക്കത്തില്‍ എ ഗ്രൂപ്പ് കടുത്ത നീക്കങ്ങൾക്ക് ഒരുങ്ങുന്നു.എംഎംഹസ്സൻ,ബെന്നിബഹനാന്‍,കെസി ജോസഫ് എന്നീ നേതാക്കൾ ഇന്ന് ഉമ്മൻ ചാണ്ടിയെ കാണും. ഉമ്മൻചാണ്ടിയുമായി ആലോചിച്ച് തുടർ നീക്കങ്ങൾക്ക് എ ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്.മൂന്നു നേതാക്കളുടെ ബാംഗ്ലൂർ ദൗത്യം ഗ്രൂപ്പിൽ ഭിന്നത ഇല്ലെന്ന സന്ദേശം നല്കാൻ കൂടിയാണ്. കോൺഗ്രസ് അധ്യക്ഷനെ നേരിട്ട് കണ്ട് പരാതി പറയാനും എ ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. അതിനിടെ പാർട്ടി പുനസംഘടനയിൽ പ്രശ്നങ്ങളുണ്ടെന്ന് ' രമേശ് ചെന്നിത്തലയും വ്യക്തമാക്കി.പരാതി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.വിവരങ്ങൾ പൂർണ്ണമായി കിട്ടാത്തതു കൊണ്ടാണ് പുന:സംഘടനയിൽ പ്രശ്നങ്ങളില്ലെന്ന് താരിഖ് അൻവർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുനസംഘടനയില്‍ ഉള്‍പ്പടെ പാര്‍ട്ടിയിലെ അധികാരകേന്ദ്രമായി കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും മാറിയതോടെ വലിയ ആശങ്കയിലാണ് കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകള്‍. നേതൃതലത്തിലുണ്ടാവുന്ന ചോര്‍ച്ചയും പോഷകസംഘടനകള്‍ കൈവിട്ടുപോകുന്നതും വലിയ നഷ്ടമാണ് ഗ്രൂപ്പുകള്‍ക്കുണ്ടാക്കിയത്. കൈവെള്ളയില്‍ കൊണ്ടുനടന്ന കെഎസ്‍യു സംസ്ഥാന അധ്യക്ഷപദവി എ ഗ്രൂപ്പില്‍ നിന്ന് വിഡി സതീശന്‍ പക്ഷത്തേക്ക് ചാഞ്ഞു. മഹിളാ കോണ്‍ഗ്രസും അതേവഴിയിലാണ്. യൂത്തുകോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെ യോജിച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താനാവാതെ എ ഗ്രൂപ്പ് കുഴയുകയാണ്. ഫലത്തില്‍ പോഷക സംഘടനകള്‍ എ,ഐ ഗ്രൂപ്പുകളുടെ വീതംവയ്പിന് പുറത്തേക്ക് പോയി. പാര്‍ട്ടി പുനസംഘടന കൂടി ഗ്രൂപ്പ് അതീതമാക്കാനുള്ള ശ്രമം നടന്നതോടെയാണ് എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ പരസ്യമായി പ്രതികരിച്ചത്.
