പുന:സംഘടനാ മാർഗ്ഗരേഖയുണ്ടാക്കാൻ 18,19 ദിവസങ്ങളിൽ രാഷ്ട്രീയകാര്യസമിതി വീണ്ടും ചേരും. തോൽവിയുടെ പ്രധാന ഉത്തരവാദി താനാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞപ്പോൾ തന്നെ മാത്രം ക്രൂശിക്കുന്നുവെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ  പരാതി.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ബൂത്ത് തലം മുതൽ കെപിസിസി വരെയുള്ള സമ്പൂർണ്ണ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്. പുന:സംഘടനാ മാർഗ്ഗരേഖയുണ്ടാക്കാൻ 18,19 ദിവസങ്ങളിൽ രാഷ്ട്രീയകാര്യസമിതി വീണ്ടും ചേരും. തോൽവിയുടെ പ്രധാന ഉത്തരവാദി താനാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞപ്പോൾ തന്നെ മാത്രം ക്രൂശിക്കുന്നുവെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാതി.

തെരഞ്ഞെടുപ്പ് നയിച്ച നേതാക്കൾക്കെതിരെ കടുത്ത വിമർശനവും തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മത്സരിച്ച് മുതിർന്ന് നേതാക്കളും എന്നതായിരുന്നു രാഷ്ട്രീയകാര്യസമിതിയിലെ ചർച്ചയുടെ പൊതുസ്വഭാവം. ആമുഖമായി സംസാരിച്ച കെപിസിസി അധ്യക്ഷൻ തീരുമാനങ്ങൾ കൂട്ടായെടുത്തെങ്കിലും തോൽവിക്ക് ശേഷം തന്നെ മാത്രം ക്രൂശിക്കുന്നുവെന്ന പരാതിപ്പെട്ടു. തോൽവിയുടെ പ്രധാന ഉത്തരവാദി താനെന്ന് പത്തംഗ സമിതിയെ നയിച്ച ഉമ്മൻചാണ്ടി പറഞ്ഞു. ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അനുസരിക്കാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. 

മുല്ലപ്പള്ളിയും ചെന്നിത്തലയും മാറണമെന്ന് പിജെ കുര്യൻ ആവശ്യപ്പെട്ടു. കണ്ണൂരിലെ തോോൽവിയിൽ തനിക്കും ഉത്തരവാദിത്തം ഉണ്ടെന്ന് പറഞ്ഞ് കെ.സുധാകരൻ നേതൃതലത്തിലെ അഴിച്ചുപണി ആവശ്യപ്പെട്ടു. മുരളീധരനും വി ഡി സതീശനും ടി എൻ പ്രതാപനുമെല്ലാം ഉന്നയിച്ചതും മാറ്റമാണ്. തോൽവി ആരുടേയും തലയിൽ കെട്ടിവെക്കേണ്ടെന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലൂം മാറ്റത്തിനായുള്ള മുറവിളിയുടെ പശ്ചാത്തലത്തിലുമാണ് സമ്പൂർണ്ണ അഴിച്ചുപണിക്കുള്ള ധാരണയായത്. 

ബൂത്ത് തലം മുതൽ മാറ്റം മാറ്റം തുടങ്ങും. സമൂലമാറ്റത്തിൽ പാർട്ടി അധ്യക്ഷനും പ്രതിപക്ഷനേതാവും യുഡിഎഫ് കൺവീനർക്കുമെ്ലാം മാറ്റം വരും. ജം ബോകമ്മിറ്റികൾ പിരിച്ചുവിടും. പതിനാല് ഡിസിസി അധ്യക്ഷന്മാരെയും മാറ്റും. രണ്ട് ദിവസത്തെ വിശദമായ രാഷ്ട്രീയകാര്യസമിതി ഇതിനുള്ള മാർഗ്ഗ രേഖ തയ്യാറാക്കും. ഒപ്പം ഡിസിസി അധ്യക്ഷൻമാരുടേയും സ്ഥാനാർത്ഥികളുടേയും അഭിപ്രായം കൂടി തേടും. കടുത്ത നിരാശ നൽകുന്ന ഫലമെന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുടെ അഭിപ്രായം. ചുരുക്കത്തിൽ കോൺഗ്രസ്സിലെ അഴിച്ചുപണിക്ക് ഇനിയും സമയമെടുക്കുമെന്നർത്ഥം. ചർച്ചകളുടെ അടിസ്ഥാനത്തിൽ താരിഖ് അൻവർ ഹൈക്കമാൻഡിന് നൽകുന്ന റിപ്പോർട്ടും പ്രതിപക്ഷ നേതാവവിനെ നിശ്ചയിക്കാാൻ എഐസിസി പ്രതിനിധികളുടെ നേതൃത്വത്തിൽ ചേരുന്ന പാർലമെൻററി പാർട്ടി യോഗത്തിലെ ചർച്ചയുടെ ഗതിയുമെല്ലാം മാറ്റത്തിന് അടിസ്ഥാനമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona