മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തലച്ചിറ അബ്ദുള്‍ അസീസ് അസീസിനെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്
കൊല്ലം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തലച്ചിറ അബ്ദുള്‍ അസീസ് അസീസിനെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന വേദിയിൽ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു. പാർട്ടി വിരുദ്ധ നടപടിയിൽ അസീസിനോട് ഡിസിസി വിശദീകരണം തേടിയിരുന്നു. മന്ത്രിക്കൊപ്പം പങ്കിട്ട വേദിയിലാണ് അബ്ദുള്‍ അസീസ് വോട്ട് അഭ്യർത്ഥന നടത്തിയത്. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരമാണെന്നും വോട്ട് ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമന്നും അബ്ദുള്‍ അസീസ് പ്രസംഗത്തിനിടെ തുറന്നടിച്ചിരുന്നു.
മന്ത്രിയെ പുകഴ്ത്തി കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് പ്രസിഡന്‍റ്
പത്തനാപുരം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട വെട്ടിക്കവ ഗ്രാമപഞ്ചായത്തിലെ തലച്ചിറയിലെ റോഡ് ഉദ്ഘാടന ചടങ്ങായിരുന്നു വേദി. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറായിരുന്നു ഉദ്ഘാടകന്‍. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്‍റുമായ അബ്ദുള്‍ അസീസിന്‍റെ ഊഴമെത്തിയപ്പോഴാണ് മന്ത്രിയെ പുകഴ്ത്തുള്ള പ്രസംഗം നടത്തിയത്. ഒടുവില്‍ വേദിയിലും സദസ്സിലും ഉണ്ടായിരുന്നവരില്‍ അമ്പരപ്പ് ഉണ്ടാക്കിയാണ് ഗണേഷ് കുമാറിനെ വീണ്ടും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അബ്ദുള്‍ അസീസ് വോട്ട് അഭ്യര്‍ത്ഥിച്ചത്. ഗണേഷ് കുമാറിനെ കായ് ഫലമുള്ള മരമെന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റ് ചില മച്ചി മരങ്ങള്‍ വോട്ട് അഭ്യര്‍ത്ഥിച്ച് വരുമെന്നും തുറന്നടിച്ചു. ആരാണ് മച്ചി മരമെന്ന് വ്യക്തമാക്കിയില്ലെങ്കിലും പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസ് ആയതിനാല്‍ വിരല്‍ ചൂണ്ടുന്നത് അവിടേക്ക് തന്നെയെന്നാണ് ജനങ്ങള്‍ക്കിടയിലെ അടക്കം പറച്ചില്‍. തദ്ദേശ തെരഞ്ഞെടുപ്പ് പതിവാതിലില്‍ നില്‍ക്കെ എല്‍ഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസിന്‍റെ പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയ പ്രസംഗം നാട്ടിലാകെ ചര്‍ച്ചയായിരുന്നു.



