തിരുവനന്തപുരം: ഇന്ന് കൊവിഡ് ബാധിച്ചവരിലൊരാൾ ഇടുക്കി ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവും. ഇദ്ദേഹം നിരവധി ജില്ലകൾ സന്ദർശിച്ചെന്നും വിവിധ നേതാക്കളെ കണ്ടെന്നും സൂചനയുണ്ട്. ഇദ്ദേഹത്തിന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവരെ കണ്ടെത്താനായാലും സെക്കന്ററി ലിസ്റ്റിൽ ഉള്ളവരെ കണ്ടെത്തുക പ്രയാസമാണെന്നാണ് ആരോഗ്യവകുപ്പിൽ നിന്ന് കിട്ടുന്ന വിവരം.

പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ ഇദ്ദേഹം സന്ദർശിച്ചിരുന്നതായാണ് വിവരം. ഇതുവരെ ഇടുക്കി ജില്ലയിൽ ആകെ മൂന്ന് കൊവിഡ് കേസുകളാണ് റിപ്പോർട്ടു ചെയ്തത്. ഒരെണ്ണം ബ്രിട്ടിഷ് പൗരനും രണ്ടാമത്തേതു ദുബായിൽനിന്നു മടങ്ങിയെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിയുമാണ്.

നേതാവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ജില്ല കളക്ടർ നിർദ്ദേശിച്ചു. ഇദ്ദേഹം പ്രമുഖരുൾപ്പെടെ വളരെയധികം ആളുകളുമായി ബന്ധപെട്ടിട്ടുണ്ട്. പാലക്കാട്, ഷോളയാർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ , ആലുവ, മാവേലിക്കര , തിരുവനന്തപുരം നിയമസഭാ മന്ദിരം എന്നിവിടങ്ങളിൽ സന്ദർശിച്ചെന്ന് കണ്ടെത്തി.

ചെറുതോണി മുസ്ലീം പള്ളിയിൽ മാർച്ച് 13നും 20നും പോയിരുന്നുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇയാൾ നിരവധി കോൺഗ്രസ് നേതാക്കളെയും കണ്ടുവെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ടിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞാലും സെക്കന്ററി കോണ്ടാക്ടിലുള്ളവരെ കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.