പാർട്ടിയെ ധിക്കരിച്ച് 'കേരളീയ'ത്തിൽ മണിശങ്കർ അയ്യർ, പ്രതികരിച്ച് വി ഡി സതീശൻ
വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടന്ന് തീരുമാനം. വേണ്ടപ്പെട്ടവരെ പരാതിയറിയിച്ചതായും സതീശൻ

തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിന്‍റെ, ബഹിഷ്കരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയിൽ പങ്കെടുത്തത് പാർട്ടിയെ ധിക്കരിച്ചാണെന്നും എഐസിസിയെ പരാതി അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടന്ന് തീരുമാനം. വേണ്ടപ്പെട്ടവരെ പരാതിയറിയിച്ചതായും സതീശൻ കൂട്ടിച്ചേർത്തു.
സംസ്ഥാന കോൺഗ്രസിന്‍റെ, ബഹിഷ്കരണത്തിനിടെയാണ് മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയിൽ ഇന്ന് പങ്കെടുത്തത്. ഇത് കോൺഗ്രസിന് വലിയ നാണക്കേടായി. കോൺഗ്രസ് നേതൃത്വം പങ്കെടുക്കരുതെന്ന് അറിയിച്ചിരുന്നെങ്കിലും പഞ്ചായത്തിരാജിനെ കുറിച്ച് സംസാരിക്കാനുള്ള അവസരമായാണ് കേരളീയം സെമിനാറിനെ കാണുന്നതെന്ന് മണിശങ്കര്‍ അയ്യര്‍ പ്രസംഗത്തിൽ പറഞ്ഞത്. കേരളീയം വേദിയെ കണ്ടത് രാഷ്ട്രീയമായല്ല. കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകൾ എന്ന വിഷയത്തിൽ പഞ്ചായത്തീരാജിനെ കുറച്ച് പറയാനുള്ള അവസരമെന്ന നിലയിലാണ്. രാജീവ് ഗാന്ധിയുടെ ആശയം മികച്ച നിലയിൽ നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്നും അതിദാരിദ്ര്യം തുടച്ചുനാക്കാൻ ഇതേറെ ഗുണം ചെയ്തിട്ടുണ്ടെന്നും മണിശങ്കര്‍ അയ്യര്‍ വിശദീകരിച്ചു.
പഞ്ചായത്തീരാജിന്‍റെ വിജയം ജനങ്ങളുടേതാണ്, നടത്തിപ്പ് അവകാശം യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ ആണ്. ഇത്തരം ആശയങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതാകണം കേരളീയം പോലുള്ള പരിപാടികളുടെ ആത്യന്തിക ലക്ഷ്യമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. രാഷ്ട്രീയകാരണങ്ങളാണ് കേരളീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും മണിശങ്കര്‍ അയ്യരുടെ വരവ് തടണമെന്നും സംസ്ഥാന നേതൃത്വം എഐസിസിയേയും അറിയിച്ചിരുന്നു. എന്നാൽ ഇത്തരം സെമിനാറുകളിൽ മണിശങ്കര്‍ അയ്യര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടല്ലോ എന്നായിരുന്നത്രെ എഐസിസി നിലപാട്.