മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്രാ വിവാദത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. വിവാദങ്ങൾക്ക് പെട്ടെന്ന് മറുപടി നൽകണമെന്നും യുഡിഎഫ് നേതാക്കൾ ജാഗ്രത പാലിക്കണമെന്നും മുൻ കെപിസിസി അധ്യക്ഷൻ എംഎം ഹസ്സൻ വ്യക്തമാക്കി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദത്തിനിടെ, വിവാദങ്ങളിൽ പെട്ടെന്ന് മറുപടി പറയണമെന്ന അഭിപ്രായവുമായി മുൻ കെപിസിസി പ്രസിഡന്‍റ് എംഎം ഹസ്സൻ. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തങ്ങള്‍ക്കു നേരെ ആവര്‍ത്തിക്കാതിരിക്കാൻ യുഡിഎഫ് നേതാക്കള്‍ക്ക് ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വിമാനയാത്ര ഉള്‍പ്പടെയുള്ള വിവാദങ്ങളിൽ കോണ്‍ഗ്രസിൽ അതൃപ്തിയുണ്ട്. എന്നാൽ ആരും പരസ്യമായി പറയാനില്ല. ഇതിനിടെയാണ് പരോക്ഷമായെങ്കിലും എം എം ഹസ്സന്‍റെ പ്രതികരണം. സ്പോൺസര്‍ ആരെന്ന് മുഖ്യമന്ത്രി പറയാതിരിക്കുന്നു. പിണറായിയും സ്വകാര്യ വിമാനയാത്ര നടത്തിയെന്ന് പറയുന്നു. അപ്പോഴാണ് ഇതിനെ ന്യായീകരിക്കാനില്ലെന്ന മട്ടിലെ മുന്‍ കെപിസിസി അധ്യക്ഷന്‍റെ അഭിപ്രായ പ്രകടനം. സ്വകാര്യ വിമാനത്തിൽ ഇനിയും പോകുമെന്ന് മുഖ്യമന്ത്രിയുടെ പറഞ്ഞതിലും അത്തരം ശൈലിയിലും പ്രധാന നേതാക്കള്‍ക്ക് അടക്കം കടുത്ത വിമര്‍ശനമുണ്ട്. മുന്‍ മുഖ്യമന്ത്രിയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് എല്ലാം ന്യായീകരിക്കുന്നതിൽ അമര്‍ഷവുമുണ്ട്. പ്രതിപക്ഷം ആക്രമണം ശക്തമാക്കുമ്പോഴും പ്രതിരോധിച്ചത് ചുരുക്കം നേതാക്കള്‍. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ പ്രതികരിക്കാനാണ് കെസി വേണുഗോപാൽ താത്പര്യം കാണിച്ചത്. ഇനി ബുധനാഴ്ചയേ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ഇരുന്നു കൊടുക്കുന്നുള്ളൂവെന്ന നിലപാടിലാണ് മുഖ്യമന്ത്രി.