തിരുവനന്തപുരത്ത് എത്തി നേരിട്ട് കാണണം എന്ന് ഉണ്ടായിരുന്നു. അതും സാധിച്ചില്ല. പ്രതിസന്ധി കാലത്തും അദ്ദേഹം അടുപ്പം സൂക്ഷിച്ചിരുന്നു.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ വികാരാധീനനായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗ വാർത്ത അടക്കാനാവാത്ത ദുഃഖമാണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. ഒരുപാട് പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ടു എന്നും മുല്ലപ്പള്ളി ഓർത്തെടുത്തു. ''കഴിഞ്ഞ ഏപ്രിൽ 4 നാണ് അവസാനമായി സംസാരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. രാവിലെ മകന്‍ എന്‍റെ മൊബൈലില്‍ മാറി വിളിക്കുന്നു, അപ്പയ്ക്ക് മുല്ലപ്പള്ളിയോട് സംസാരിച്ചേ പറ്റൂ എന്നാണ് അപ്പ പറയുന്നത്. പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് കടലാസില്‍ എഴുതിക്കാണിക്കുകയാണ് ചെയ്തത്. ഞാനിന്നലെ രാത്രി ഉറങ്ങിയിട്ടില്ല, മുല്ലപ്പള്ളിയും ഞാനും സഞ്ചരിക്കുന്നത് സ്വപ്നം കാണുന്നു. ആ പഴയ ബന്ധം ഞാന്‍ ഓര്‍ത്തെടുക്കുന്നു. എനിക്കിപ്പോള്‍ സംസാരിക്കണം എന്ന് പറയുന്നു. മകന്‍ അദ്ദേഹത്തെ കണക്റ്റ് ചെയ്തു. പക്ഷേ ഉമ്മന്‍ചാണ്ടിക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. നിസ്സഹായനായി, അങ്ങത്തലക്കല്‍ അദ്ദേഹം ചിരിക്കുന്നതാണ് കണ്ടത്. അദ്ദേഹത്തിന്‍റെ ശബ്ദം ചിരിയിലാണ് അവസാനിച്ചതെന്ന് മാത്രം എനിക്ക് ഓര്‍മ്മയുണ്ട്.'' മുല്ലപ്പള്ളി പറഞ്ഞു.
തിരുവനന്തപുരത്ത് എത്തി നേരിട്ട് കാണണം എന്ന് ഉണ്ടായിരുന്നു. അതും സാധിച്ചില്ല. പ്രതിസന്ധി കാലത്തും അദ്ദേഹം അടുപ്പം സൂക്ഷിച്ചിരുന്നു. ജനങ്ങളുമായി ഉള്ള സമ്പർക്കം ആണ് ഉമ്മൻ ചാണ്ടിയുടെ പ്രാണവായു. ഉമ്മൻ ചാണ്ടിയുടെ പകരക്കാർ ഇനി കേരളത്തിൽ ഉണ്ടാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളരാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവ് ഉമ്മൻചാണ്ടിയുടെ വിട വാങ്ങലിന്റെ വേദനയിലാണ് രാഷ്ട്രീയ കേരളം. അർബുദ രോഗ ബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു. മൃതദേഹം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. മറ്റന്നാൾ പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തെരിയിലാണ് സംസ്കാരം. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോഴത്തെ ആലോചന. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിലാണ് ഭൌതിക ശരീരം തലസ്ഥാനത്തേക്ക് എത്തിക്കുക. പിന്നീട് വസതിയിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. പൊതുദർശനത്തിന് ശേഷം കെപിസിസി ഓഫീസിൽ പൊതുദർശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്കാരം.
പ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് വിട, സംസ്കാരം മറ്റന്നാൾ; കോൺഗ്രസിൽ ഒരാഴ്ച ദുഃഖാചരണം

