യുവനേതാക്കൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണമെന്ന് പി ജെ കുര്യൻ. 

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ. ഗ്രൗണ്ടിലാണ് വർക്ക് ചെയ്യേണ്ടതെന്ന് പി ജെ കുര്യൻ ആവർത്തിച്ചു. തൻ്റെ മണ്ഡലത്തിൽ പോലും യുവ നേതാക്കളെ കാണാനില്ലെന്ന് കുര്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലമ്പൂരിൽ ചാണ്ടി ഉമ്മൻ വീടുകൾ കയറി പ്രചരണം നടത്തിയത് നല്ല മാതൃകയാണ്. സംസ്ഥാന വ്യാപകമായിട്ടാണ് വിമർശനമുന്നയിച്ചത്. ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ എന്റെ പഞ്ചായത്തിൽ കണ്ടിട്ടില്ല. എല്ലാ പഞ്ചായത്തുകളും യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉണ്ടാകണമെന്നും പാർട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണ് എവിടെയാണ് ദോഷം എന്ന് അറിയില്ലെന്നും പി ജെ കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.

എസ്എഫ്ഐയുടെ സമരം എല്ലാവരും കണ്ടതാണല്ലോ അത് ഞാൻ പറഞ്ഞാൽ എന്താണ് പ്രശ്നം. ഞാൻ പറഞ്ഞതിൽ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും ആരെയും വിമർശിച്ചിട്ടില്ലെന്നും പി ജെ കുര്യൻ വിശദീകരിക്കുന്നു. പാർട്ടിയുടെ കാര്യം നോക്കി എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും എന്റെ അഭിപ്രായം അതാണെന്ന് പി ജെ കുര്യൻ വ്യക്തമാക്കുന്നു.

കോൺഗ്രസ് പ്രതിപക്ഷം ആയപ്പോൾ തരൂർ മോദിയെ പുകഴ്ത്തുന്നു. അത് അവസരവാദി നിലപാടാണ്. ആദർശപരമായ നിലപാട് അല്ല. താൻ ഔദ്യോഗിക ചുമതലൊഴിഞ്ഞപ്പോൾ പലയിടത്തുനിന്ന് ഓഫർ വന്നു. പക്ഷേ പോയില്ല. അത് എൻ്റെ നിലപാടാണ്. കോൺഗ്രസുകാരന് യോജിച്ച നിലപാടല്ല തരൂരിന്റേതെന്നും പി ജെ കുര്യൻ വിമര്‍ശിച്ചു. തരൂരിനെ പുകച്ച അപ്പുറത്താക്കരുത്. തരൂരുമായി നേതൃത്വം സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.