ദി ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലാണ് കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും വീണ്ടും ശശി തരൂര്‍ പുകഴ്ത്തുന്നത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വീണ്ടും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജം സമാനതകളില്ലാത്തതാണെന്നും ആഗോള വേദിയിൽ ഇന്ത്യയുടെ സ്വത്താണ് ആ ഊര്‍ജവും ചലനാത്മകതയുമെന്നും ശശി തരൂര്‍ പറഞ്ഞു.

 ദി ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലാണ് കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും വീണ്ടും ശശി തരൂര്‍ പുകഴ്ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ പിന്തുണ ആവശ്യമുണ്ടെന്നും ഓപ്പറേഷൻ സിന്ദൂര്‍ കൃത്യമായ സന്ദേശമായിരുന്നുവെന്നും അന്താരാഷ്ട്ര വേദികളിൽ ഉയര്‍ന്നത് ഇന്ത്യയുടെ ഐക്യത്തിന്‍റെ ശബ്ദമാണെന്നും ശശി തരൂര്‍ ലേഖനത്തിൽ പറയുന്നു. 

പാര്‍ട്ടിയെ മറികടന്ന് മോദിയുടെ നിര്‍ദ്ദേശ പ്രകാരം ഓപ്പറേഷന്‍ സിന്ദൂറിന്‍റെ തുടര്‍ ദൗത്യം ഏറ്റെടുത്ത് വീണ്ടും വിദേശ പര്യടനത്തിലാണ് ശശി തരൂര്‍. നേരത്തെ മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണച്ച ശശി തരൂരിനെ കോണ്‍ഗ്രസ് യോഗത്തിലടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്‍റെ നിലപാടിന് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച് പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കുകയാണ് ശശി തരൂര്‍.