ശശി തരൂര്‍ പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ താരിഖ് അൻവർ, തരൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിക്കുന്നു.
ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ ശശി തരൂര്‍ എം പിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം താരിഖ് അന്‍വര്‍. തരൂര്‍ അച്ചടക്കമുള്ള നേതാവാണെന്ന് താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ശശി തരൂര്‍ പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ താരിഖ് അൻവർ, തരൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കുന്നതില്‍ എന്താണ് തെറ്റെന്നും ചോദിക്കുന്നു.
വിദേശകാര്യ വിഷയങ്ങളില്‍ ശശി തരൂരിന് നല്ല അറിവുണ്ട്. ഓരോ പാര്‍ട്ടിയും പ്രതിനിധി സംഘത്തിലേക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. ആര് വിചാരിച്ചാലും കോൺഗ്രസിനെ തകർക്കാനാവില്ലെന്ന് താരിഖ് അൻവർ പറഞ്ഞു. ശശി തരൂര്‍ വഴി കേരളത്തില്‍ വേരുകളുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തരൂരിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കില്ലെന്നാണ് കരുതുന്നതെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. തരൂരിൻ്റെ നീക്കങ്ങളിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ തുടരുമ്പോഴാണ് പ്രവർത്തക സമിതിയംഗമായ താരിഖ് അന്‍വറിൻ്റെ പിന്തുണ.
രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തെന്ന് ശശി തരൂര്‍
രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും ശശി തരൂര്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന പാകിസ്ഥാന്‍റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. ഹിന്ദിയിലാണ് ശശി തരൂര്‍ എക്സിൽ കുറിപ്പിട്ടിരിക്കുന്നത്. ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്ന് ശശി തരൂർ കുറിച്ചു.


