പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും എവിടെയാണ് തെറ്റു പറ്റിയതെന്ന് പരിശോധിക്കണമെന്നും തരൂർ. സ്ത്രീ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല.

തിരുവനന്തപുരം: ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് ശശി തരൂർ. കോണ്‍ഗ്രസിൻ്റെ പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും എവിടെയാണ് തെറ്റു പറ്റിയതെന്ന് പരിശോധിക്കണമെന്നും ശശി തരൂർ പറഞ്ഞു. സ്ത്രീ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതിൽ നിന്ന് സർക്കാരുകളെ തടയാനും കഴിയില്ല. പ്രചരണത്തിൽ നേരിട്ട് പങ്കാളികളായവർ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. 

വീണ്ടും തകർന്നടിഞ്ഞ് കോൺഗ്രസ്

തെരഞ്ഞെടുപ്പ് ഗോദയിൽ വീണ്ടും തകർന്നടിഞ്ഞ് കോൺഗ്രസ്. ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങുകയാണ്. ബിജെപിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണത്തിൻറെ മുനയൊടിക്കുന്നത് കൂടിയാണ് ബിഹാറിലെ ലീഡ് നില. സംഘടനാ ദൗർബല്യവും പ്രാദേശിക നേതൃത്വത്തിൻറെ അഭാവവും പരാജയത്തിൻറെ ആഴം കൂട്ടിയെന്നാണ് വിലയിരുത്തൽ.

രാജ്യത്തെ ഏറ്റവും പ്രായം ചെന്ന പാർട്ടിയുടെ ശനിദശ തുടരുകയാണ്. ബിഹാറിലും കനത്ത പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ് തെരഞ്ഞെടുപ്പ് ബലാബലത്തിൽ കൂടുതൽ ശോഷിച്ചു. സീറ്റ് വിഭജനത്തിലടക്കം വലിയ വിട്ടുവീഴ്ച ചെയ്ത് ആർജെഡിയുടെ പിന്നിൽ നിഴൽ പോലെ നിന്ന് മത്സരിച്ച കോൺഗ്രസിന് സ്വന്തം മുഖം പോലെ നഷ്ടപ്പെടും വിധം പരാജയം രുചിക്കേണ്ടി വന്നു. 2015ൽ മഹാസഖ്യത്തിൻറെ ഭാഗമായി 41ൽ സീറ്റിൽ മത്സരിച്ച കോൺഗ്രസ് 27 സീറ്റിലായിരുന്നു ജയിച്ചത്. 2000ൽ വാശിപിടിച്ച് 70 സീറ്റിൽ മത്സരിച്ചു. ലഭിച്ചതാകട്ടെ 19 സീറ്റ്. ഇക്കുറി കുറച്ച് വിട്ടുവീഴ്ച ചെയ്ത് 61 സീറ്റിലായിരുന്നു പോരാട്ടം. എന്നാൽ മുൻ വർഷത്തേക്കാൾ താഴേക്ക് പോയി. രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആക്രമണം വോട്ടായി മാറുമെന്ന കണക്കൂകൂട്ടലാണ് കോൺഗ്രസിന് പിഴച്ചത്. ബിഹാറിൻറെ തെരുവുകളിലൂടെ രാഹുൽ നടത്തിയ ജൻ അധികാർ യാത്രയിൽ കണ്ട ജനപങ്കാളിത്തത്തിൻറെ തിരയിളക്കമൊന്നും വോട്ടിങ് യന്ത്രത്തിൽ പ്രതിഫലിച്ചില്ല. ആർജെഡി ഉൾപ്പെടെ മഹാസഖ്യത്തിലെ മറ്റു പാർട്ടികളും ഏറ്റെടുക്കാതെ ആയതോടെ വോട്ട് ചോരി രാഹുലിൻറേയും കോൺഗ്രസിൻറേയും മാത്രം ആയുധമായി മാറി. യുവാക്കളെ ആകർഷിക്കാനുളള സമൂഹമാധ്യമ ക്യാംപെയിനും ഏശിയില്ല. സംഘടനാ സംവിധാനത്തിൻറെ ദൗർബല്യവും പരാജയത്തിന് വഴിവെച്ചു.

രാജേഷ് കുമാറെന്ന പിസിസി അധ്യക്ഷന് പിന്നിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനോ അണികളേയും പ്രവർത്തകരേയും ആവേശത്തിലാഴ്ത്താനോ കഴിഞ്ഞില്ല. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേരിടുന്ന പ്രദേശിക നേതൃത്വത്തിൻറെ അഭാവവും ബിഹാറിലെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു. നിതീഷ് കുമാറിനും തേജസ്വി യാദവിനൊപ്പം തലയെടുപ്പുള്ള ഒരു നേതാവിനെ പ്രതിഷ്ഠിക്കാനും കോൺഗ്രസിനായില്ല. വോട്ടെടുപ്പിന് പിന്നാലെ ബിഹാറിലെ മുതിർന്ന നേതാവും മുൻ ദേശീയ വക്താവുമായ ഷക്കീൽ അഹമ്മദ് പാർട്ടി വിട്ടത് കോൺഗ്രസിനകത്ത് കാര്യങ്ങൾ പന്തിയല്ലെന്ന് വ്യക്തമാക്കുന്നു. ഒരു നേതാവുമായുളള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ കാരണമെന്ന് ഷക്കീൽ അഹമ്മദ് രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. തോൽവിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പഴിചാരുകയാണ് കോൺഗ്രസ്. നിലവിലെ ട്രെൻഡ് മഹാസഖ്യത്തിന് നിരാശാജനകമെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൻഡിഎ പണം വിതരണം ചെയ്തു. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിച്ചതും ഈ ഫലത്തിന് കാരണമെന്നും അശോക് ഗെലോട്ട് കുറ്റപ്പെടുത്തി. 

YouTube video player