കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കോൺഗ്രസ് നേതാക്കൾ ഡിസിസി ഓഫീസിൽ ഏറ്റുമുട്ടി. ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കനും കർഷക സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് വാസുദേവനുമാണ് ഏറ്റുമുട്ടിയത്.

കാസർകോട്: കോൺഗ്രസിലെ സീറ്റ് വിഭജന ചർച്ചകൾക്കിടെ ഡിസിസി വൈസ് പ്രസിഡൻ്റും ഡികെടിഎഫ് ജില്ലാ പ്രസിഡൻ്റും തമ്മിൽ ഏറ്റുമുട്ടി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനമാണ് വലിയ സംഘർഷത്തിലേക്ക് എത്തിയത്. സമൂഹമാധ്യമങ്ങളിലും പാർട്ടി യോഗങ്ങളിലുമായി തുടർന്ന തർക്കം ഒടുവിൽ ഡിസിസി ഓഫീസിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കനും കോൺഗ്രസിൻ്റെ കർഷക സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് വാസുദേവനും തമ്മിലായിരുന്നു സംഘർഷം ഉണ്ടായത്. ജയിംസ് നേരത്തെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന സംഘടന ഉണ്ടാക്കിയിരുന്നു. ഈ സംഘടനയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഡിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം ഒത്തുതീർപ്പിൻ്റെ അടിസ്ഥാനത്തിൽ നൽകി.

അന്ന് വന്ന ഏഴ് പേർക്കും സീറ്റ് വേണമെന്ന ആവശ്യമാണ് ജയിംസ് പന്തമാക്കൻ ഉന്നയിച്ചത്. ഇതിനെ ഡിസിസി ഭാരവാഹികൾ എതിർത്തു. അഞ്ച് സീറ്റ് നൽകാൻ ധാരണയായി. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഡിസിസി പ്രസിഡൻ്റിനെതിരെ ജയിംസും ഒപ്പമുള്ളവരും വിമർശനം ഉന്നയിച്ചതോടെ നൽകുന്ന സീറ്റ് രണ്ടാക്കി ചുരുക്കാൻ ഡിസിസി നേതൃത്വം തീരുമാനിച്ചു. ഇതേത്തുടർന്നുള്ള ആക്ഷേപങ്ങളും തർക്കങ്ങളുമാണ് അടിയിൽ കലാശിച്ചത്. ഇതിനിടെയാണ് ഏറ്റുമുട്ടിയ രണ്ട് പേരിൽ ഒരാൾ 'നീ ചത്തുപറ്റിയില്ലെങ്കിൽ കൊന്നുകളയും' എന്ന് ഭീഷണിമുഴക്കിയത്.

YouTube video player