കൽപറ്റ: വയനാട്ടിലെ ജില്ലാ ഡിവിഷനുകളിൽ യുഡിഎഫിനേറ്റ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കലാപം. വോട്ടു മറിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.എൽ.പൌലോസ് ആവശ്യപ്പെട്ടു. പരാജയത്തിൻ്റെ ഉത്തരവാദിത്തം സ്ഥാനാർത്ഥി നിർണയ കമ്മിറ്റിക്കാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി പി.കെ.അനിൽ കുമാർ പറഞ്ഞു. 

വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരത്തിൽ പാ‍ർട്ടിക്കുണ്ടായ തിരിച്ചടിയിൽ അന്വേഷണം വേണമെന്നാണ് മുത‍ിർന്ന നേതാവ് കെ.എൽ.പൗലോസ് ആവശ്യപ്പെടുന്നത്. വോട്ട് മറിഞ്ഞത് സംബന്ധിച്ച് വ്യക്തമായ പരിശോധന വേണം. പ്രവർത്തനത്തിന് അനുസൃതമായി വയനാട്ടിൽ പാ‍ർട്ടിക്ക് വോട്ടു ലഭിച്ചിട്ടില്ല. ഇതിൻ്റെ കാരണം പരിശോധിക്കാൻ ജില്ലാ ഡിസിസി നേതൃത്വം തയ്യാറാകണം. ജില്ലാ പഞ്ചായത്തിലേക്ക്. പൊഴുതന ഡിവിഷനിൽ മത്സരിച്ച കെ.എൽ പൗലോസ് പരാജയപ്പെട്ടിരുന്നു.

അതേസമയം ശക്തികേന്ദ്രമായ വയനാട്ടിൽ പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണം സ്ഥാനാർത്ഥി നിർണയ കമ്മിറ്റിയുടെ തീരുമാനങ്ങളാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി പി.കെ.അനിൽ കുമാർ ആരോപിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ സമവായ കമ്മിറ്റി ഗൂഡാലോചന നടത്തി. സീറ്റു പിടിച്ചു വാങ്ങിയ സ്ഥാനാർത്ഥികൾക്ക് ജയിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും കെ.എൽ.പൗലോസിൻ്റെ ആരോപണത്തിന് മറുപടിയായി പി.കെ.അനിൽ കുമാർ പ്രതികരിച്ചു.