കോഴിക്കോട്: ചെന്നിത്തലയ്ക്കെതിരായ കെ സുധാകരന്റെ പ്രസ്താവനയെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സുധാകരൻ എന്താണ് പറഞ്ഞത് എന്തെന്ന് അറിയില്ലെന്നും വസ്തുത മനസിലാക്കി പിന്നീട് പ്രതികരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. സ്ഥലത്തില്ലായിരുന്നുവെന്നും എന്താണ് സുധാകരൻ ഉദ്ദേശിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.

അതേ സമയം മുഖ്യമന്ത്രിക്ക് എതിരായ ചെത്തുകാരൻ പരാമർശത്തിൽ യു‍ഡിഎഫ് കൺവീനർ കെ.സുധാകരന് എതിരെ രംഗത്തെത്തി. പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും. സുധാകരൻ ഖേദം പ്രകടിപ്പിക്കണമെന്നും എംഎം ഹസൻ പറഞ്ഞു. 

മുഖ്യമന്ത്രിക്കെതിരായ ചെത്ത് കാരൻ പ്രമാർശത്തിൽ ഉറച്ചുനിന്നും കെപിസിസിയെയും ഹൈക്കമാൻഡിനെയും വെല്ലുവിളിച്ചുമാണ് കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. താൻ കെപിസിസി പ്രസിഡണ്ടാകുന്നത് തടയാൻ പാർട്ടിയിൽ നിന്നുള്ള നീക്കങ്ങളാണ് വിവാദത്തിന് പിന്നിലെന്നായിരുന്നു സുധാകരന്റെ ആരോപണം. ഹൈക്കമാൻഡ് പ്രതിനിധിയെ ആരോ നിയന്ത്രിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പ്രശ്നമില്ലെന്ന് ഇന്നലെ പറഞ്ഞ ചെന്നിത്തല ഇന്ന് നിലപാട് മാറ്റിയെന്നും സുധാകരൻ കുറ്റപ്പെടുത്തി.

സുധാകരനെ ആദ്യം വിമർശിച്ച ഷാനിമോൾ ഉസ്മാൻ , തിരുത്തിയ ചെന്നിത്തല, പ്രസ്താവന പരിശോധിക്കുമെന്ന് പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അങ്ങിനെ എല്ലാവരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തിയായിരുന്നു സുധാകരൻറെ കടന്നാക്രമണം. കെപിസിസി അധ്യക്ഷപദം കൊതിക്കുന്ന സുധാകരൻ മുല്ലപ്പള്ളി മാറില്ലെന്ന് പ്രഖ്യാപിച്ചതോടെ അസ്വസ്ഥനാണ്. 

സിപിഎം പ്രതികരിക്കും മുമ്പ് പാർട്ടിയിൽ നിന്നും ഉയർന്ന വിമർശനങ്ങളെ തനിക്കെതിരായ സംഘടിത നീക്കമായാണ് സുധാകരൻ കാണുന്നത്. പാർട്ടിക്ക് വേണ്ടി മുഖ്യമന്ത്രിയെ വിമ‍ർശിച്ചപ്പോൾ തന്നെ ഒറ്റപ്പെടുത്താൻ നേതാക്കൾ രംഗത്തിറങ്ങി എന്നാണ് സുധാകരൻ കരുതുന്നത്.