ദില്ലി: ഡി ജി പിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്‍റണി, ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി എം സുധീരന്‍, കെ സി ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി, യുവ നേതാക്കളടക്കമുള്ളവരും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

എ കെ ആന്‍റണിയുടെ വാക്കുകള്‍

ഡി ജി പിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കാനുള്ള നീക്കം തികച്ചും പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി. പൊലീസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ കേസെടുക്കാന്‍ ആരംഭിച്ചാല്‍ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരള മന്ത്രിസഭയിലെ ഭൂരിഭാഗം സി.പി.എം മന്ത്രിമാര്‍ക്കും എതിരേയാണെന്നും  അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തിലിരുന്ന സര്‍ക്കാരുകളുടെ പൊലീസ് നയത്തിനെതിരായും ആ നയം നടപ്പാക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായും അതിശക്തമായ ഭാഷയില്‍ പ്രതിപക്ഷത്തു നിന്നും വിമര്‍ശനം ഉയരുന്നത് സാധാരണമാണ്. കേരളത്തില്‍ പൊലീസിന്റെ അതിക്രമങ്ങളെ കുറിച്ചും നടപടികളെ കുറിച്ചും പൊലീസ് ഉദ്യോഗസ്ഥന്മാരെ കുറിച്ചും ഏറ്റവും തരംതാണ പരാമര്‍ശം നടത്തിയിട്ടുള്ളത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളും പോഷക സംഘടനാ നേതാക്കളുമാണ്. പൊലീസിനെതിരായി അവര്‍ ഉപയോഗിച്ച ഭാഷ പറയാന്‍ തന്നെ നാണക്കേടാണ്. എന്നാല്‍ അതിന്റെ പേരില്‍ അവര്‍ക്ക് ആര്‍ക്കെങ്കിലുമെതിരായി കേസെടുത്തതായി എന്റെ ഓര്‍മ്മയില്ല. വിമര്‍ശിച്ചതിന്റെ പേരില്‍ കേസെടുക്കണമെന്ന് എതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട ചരിത്രവുമില്ല.

പിണറായി ഭരണത്തില്‍ പൊലീസ് സേനയിലെ ഗണ്യമായ വിഭാഗം ഉദ്യോഗസ്ഥന്മാര്‍ സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നുവെന്നുള്ളത് തര്‍ക്കമില്ലാത്ത ഒരു സത്യമാണ്. സമീപകാലത്ത് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഏകപക്ഷീയമായ നടപടികള്‍ കണ്ട് സഹികെട്ടതുകൊണ്ടാകാം കെ.പി.സി.സി പ്രസിഡന്റ് അങ്ങനെ ഒരു പരാമര്‍ശം നടത്തിയത്. അതിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡന്റിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയാണ് അനുമതി നല്‍കിയിരിക്കുന്നത്. പൊലീസിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതാണ് നയമെങ്കില്‍ താനടക്കമുള്ള മന്ത്രിസഭയിലെ നിരവധി അംഗങ്ങള്‍ക്കും പോഷക സംഘടനകളുടെ നേതാക്കള്‍ക്കുമെതിരേ നടപടി എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം. അവിടെ നിന്നായിരിക്കണം പുതിയ തുടക്കം ഉണ്ടാവേണ്ടതെന്നും എ.കെ.ആന്റണി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍

അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡിജിപിയും അനുമതി നല്കിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണ്.
പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പില്ല. വിമര്‍ശനങ്ങളെ ഭയക്കന്നുവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത്. നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയനും സഞ്ചരിക്കുന്നത്.

പോലീസിനെ വിമര്‍ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള്‍ ഓങ്ങുന്നത്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം ക്രമസമാധാനപാലന രംഗത്താണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായ മുപ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍, നിരവധി ലോക്കപ്പ് മരണങ്ങള്‍, ഉരുട്ടിക്കൊലകള്‍, സിപിഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയ കിരാതമായ പോലീസ് നടപടികളാണു കേരളം കണ്ടത്. ഇതിനെതിരേ ഡിജിപിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിക്കും. സാധ്യമായ നടപടികള്‍ സ്വീകരിക്കും.

സിപിഎമ്മുകാരെയും പാര്‍ട്ടിക്കുവേണ്ടപ്പെട്ടവരെയും വഴിവിട്ട് സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത നിരവധി പോലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എണ്ണിപ്പറഞ്ഞാല്‍ പോലീസിന്റെ തൊലിയുരിഞ്ഞുപോകും. ഈ പോലീസിനെ വെള്ളപൂശാന്‍ കോണ്‍ഗ്രസിനോ പ്രതിപക്ഷത്തിനോ കഴിയില്ല. കെപിസിസി പ്രസിഡന്റിനെതിരായ ഏതൊരു നീക്കവും നിയമപരമായും രാഷ്ട്രീയപരമായും നേരിടുക തന്നെ ചെയ്യും.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍

സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള മോദി സർക്കാർ പിന്തുടരുന്ന ഫാസിസവും അസഹിഷ്‌ണുതയും തന്നെയാണ്‌ സി പി എം നേതൃത്വം നൽകുന്ന പിണറായി സർക്കാരും പിന്തുടരുന്നത്. ഡി.ജി പി യെ വിമർശിച്ചതിന്റെ പേരിൽ കെ.പി സി സി പ്രസിഡൻറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് ഇതിന് തെളിവാണ്.
പാലാ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു വില കുറഞ്ഞ രാഷ്ട്രീയ വേട്ടയാടലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത്.

രാഷ്ട്രീയ വിമർശനം നടത്തിയതിന്റെ പേരിൽ എതിരാളികളെ പ്രോസിക്യൂട്ട് ചെയ്തു ജയിലിൽ അടയ്ക്കാനുള്ള ശ്രമം സ്വതന്ത്ര കേരളത്തിൽ ഒരു ഭരണാധികാരിയും നടത്തിയിട്ടില്ല. ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് ഈ സംഭവം. അഭിപ്രായ സ്വാതന്ത്ര്യത്തെ ക്കുറിച്ചും രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തെ ക്കുറിച്ചും വാതോരാത്ത പ്രസംഗിച്ചു നടക്കുന്നവരാണ് രാഷ്ട്രീയ വിമർശനം നടത്തുന്നവരെ കൽതുറുങ്കിൽ അടയ്ക്കാൻ ശ്രമിക്കുന്നത്. ഈ നടപടി സർക്കാരിന്റെ കാപട്യമാണ് തുറന്നു കാട്ടുന്നത്.

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത കടുത്ത ഫാസിസ്റ്റ് മനോഭാവമാണ് സിപിഎം നു ഉള്ളത്. ഇതു കൊണ്ടൊന്നും കോൺഗ്രസിന്റെയോ യുഡിഎഫിന്റെയോ വായടിപ്പിക്കാമെന്നു പിണറായി കരുതുന്നു എങ്കിൽ അത് കേരളത്തിൽ നടക്കില്ല. ഡിജിപി യെ പറ്റി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ അന്ന് പറഞ്ഞതിനേക്കാൾ എത്രയോ മോശമായ അവസ്ഥയിലാണ് അദ്ദേഹം ഇപ്പോൾ. പിണറായി വിജയൻ എങ്ങനെ ഒക്കെ അടിച്ചമർത്തിയാലും ജനവികാരം ആളി കത്തും. ഇതു കൊണ്ടൊന്നും പാലായിൽ ഇടത് മുന്നണി രക്ഷപ്പെടില്ല. ജനങ്ങൾ ശക്തമായി സർക്കാരിനെതിരെ പ്രതികരിക്കും.  കെ പി സി സി പ്രസിഡന്റിനു എതിരായ നടപടി നിയമപരമായും രാഷ്ട്രീയ മായും കോൺഗ്രസ് നേരിടും.

വി എം സുധീരന്‍റെ വാക്കുകള്‍

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് അനുമതി നൽകിയ സർക്കാർ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണ്.

ബെഹ്റയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചത് മഹാ അപരാധമായി കണ്ടുകൊണ്ടാണ് ഈ നടപടി.

ഇരിക്കുന്ന പദവിക്കനുസരിച്ച് നീതിപൂർവ്വവും നിഷ്പക്ഷവും കാര്യക്ഷമവുമായി പ്രവർത്തിക്കുന്നതിൽ തീർത്തും പരാജയപ്പെട്ട ബെഹ്റ യഥാർത്ഥത്തിൽ പോലീസ് സേനയ്ക്ക് തന്നെ തീർത്താൽ തീരാത്ത അപമാനമാണ് വരുത്തിവെച്ചിട്ടുള്ളത്.

ജനങ്ങളെ രക്ഷിക്കേണ്ട പോലീസ് സംവിധാനത്തിൽ സിപിഎമ്മിന് പ്രിയപ്പെട്ട കുറ്റവാളികൾ പരിരക്ഷിക്കപ്പെടുകയും പോലീസിൽ തന്നെ ക്രിമിനൽ കുറ്റവാളികളുടെ എണ്ണം വൻ തോതിൽ വർധിച്ചു വരികയും ചെയ്യുന്ന ദുസ്ഥിതിയാണുള്ളത്. ഇതൊരു അനിഷേധ്യമായ യാഥാർത്ഥ്യമാണ്.

സിപിഎമ്മിന്റെ താൽപര്യ സംരക്ഷകനായി കൃത്യനിർവഹണത്തിൽ പരാജയപ്പെട്ട് വൻ ജനവിമർശനം ഏറ്റു വാങ്ങുന്ന ബെഹ്റയെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയോട് ഉപമിച്ചതിൽ ആർക്കും തെറ്റ് പറയാനാകില്ല.

ഇത്തരത്തിലുള്ള മൃദുവിമർശനങ്ങളെ പോലും അസഹിഷ്ണുതയോടെ കാണുന്ന സർക്കാർ അതിൻറെ യഥാർത്ഥ ഫാസിസ്റ്റ് മുഖമാണ് ബെഹ്റയ്ക്ക് നൽകിയ അനുമതിയിലൂടെ തുറന്നു കാണിച്ചത്.

സിപിഎമ്മിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടമാടുന്ന രാഷ്ട്രീയ ഫാസിസം അതിൻറെ പാരമ്യത്തിലെത്തിയിരിക്കുന്നു. അതാണ് മുല്ലപ്പള്ളിക്കെതിരെ നിയമ നടപടിക്കുള്ള സർക്കാർ അനുമതി വ്യക്തമാക്കുന്നത്.

അസഹിഷ്ണുതയുടെ പ്രതീകമായ മോഡി ഭരണകൂടത്തിൻ്റെ അതേ പാതയിലൂടെ തന്നെയാണ് പിണറായി ഭരണത്തിൻ്റെയും പോക്ക്.