സമുദായ നേതാക്കൾക്കെതിരായ നിലപാടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉറച്ചുനിൽക്കുന്നു. വർഗീയതയെയാണ് താൻ എതിർക്കുന്നതെന്നും സമുദായങ്ങളെയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയെങ്കിലും, ഈ ഏറ്റുമുട്ടൽ ഒഴിവാക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

തിരുവനന്തപുരം: സമുദായ നേതാക്കളോട് ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന് കോൺഗ്രസിൽ പ്രബല വിഭാഗം. സമുദായ നേതാക്കളോടുള്ള വെല്ലുവിളി ഒഴിവാക്കണമെന്നുമാണ് നേതാക്കളുടെ അഭിപ്രായം. നായർ-ഈഴവ ഐക്യത്തിൽ ആശങ്കയിലാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. കഴിഞ്ഞ ദിവസം നടന്ന വിവാദങ്ങളിൽ സതീശനെ പിന്തുണക്കാനും കോൺ​ഗ്രസ് നേതാക്കൾ മടിക്കുകയാണ്. സമുദായ നേതാക്കളോടുള്ള വെല്ലുവിളി ഒഴിവാക്കണമെന്ന് സതീശനോട് ആവശ്യപ്പെടാനും ഒരു വിഭാ​ഗം നീക്കം നടത്തുന്നു.

കഴിഞ്ഞ ദിവസങ്ങളിലാണ് വിവാദങ്ങള്‍ ഉണ്ടായത്. എസ് എൻ ഡ‍ി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട സതീശന്‍റെ പരാമര്‍ശമാണ് വിവാദത്തിന്‍റെ തുടക്കം. തുടര്‍ന്ന് സതീശനെതിരെ വെള്ളാപ്പള്ളിയും എന്‍എസ്എസ് നേതാവ് ജി. സുകുമാരന്‍ നായരും രംഗത്തെത്തി. പിന്നാലെ വിശദീകരണവുമായി സതീശനും രംഗത്തെത്തി.

സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുത ഉണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കരുത് എന്നതാണ് കോൺഗ്രസ് നിലപാടെന്നും അത് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളതെന്നും സതീശൻ പറഞ്ഞു. താൻ എൻ എസ് എസിനോ എസ് എൻ ഡി പിക്കോ എതിരല്ല. 'എന്നാൽ വർഗീയത പറയരുത്, ആരും വർഗീയത പറയരുത് എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ, വർഗീയത പറഞ്ഞതിനെയാണ് എതിർത്തത്, അല്ലാതെ സമുദായ നേതാക്കളെയല്ല എതിർത്തത്, വർഗീയത ആര് പറഞ്ഞാലും എതിർക്കും'- എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ നിലപാടുകൾ മൂലമാണ് തനിക്കെതിരെ ആക്രമണം ഉണ്ടാകുന്നതെന്നും വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാക്കാലത്തും വർഗീയതക്കെതിരാണ് തന്‍റെ നിലപാടെന്നും വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചുകിടക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്നും അദ്ദേഹം വിവരിച്ചു. വർഗീയതയുടെ മുന്നിൽ പിന്തിരിഞ്ഞ് ഓടിയിട്ട് പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.