നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കമിട്ടു. ജയസാധ്യതയുള്ളവരെ കണ്ടെത്താൻ രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖർഗെയുടെയും നേതൃത്വത്തിൽ ദില്ലിയിൽ നിർണായക യോഗം ചേരും. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെയൊരുങ്ങാൻ കോൺ​ഗ്രസ്. സ്ഥാനാർത്ഥി ചർച്ചക്കായി കേരള നേതാക്കൾ ഇന്ന് ദില്ലിയിലേക്ക് പുറപ്പെടും. 16 ന് ദില്ലിയിൽ വച്ചാണ് യോഗം. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർ​ഗെ ചർച്ചയിൽ പങ്കെടുക്കും. മുന്നണി വിപുലീകരണവും ചർച്ചക്ക് വരും. സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് കേരളത്തിൽ ചേരും. സ്ഥാനാർഥി നിർണയത്തിനായി മധുസൂദൻ മിസ്ത്രി തലസ്ഥാനത്തെത്തുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച. തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്ഭവനു മുന്നില്‍ കോണ്‍ഗ്രസിന്റെ രാപ്പകൽ സമരം നടത്തും. 

പരമാവധി സീറ്റുകളിൽ ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുകയാണ് ലക്ഷ്യം. ​ഗ്രൂപ്പ് തർക്കങ്ങൾ സ്ഥാനാർഥി നിർണയത്തെ ബാധിക്കാതിരിക്കാനും കോൺ​ഗ്രസ് ശ്രമിക്കും. ജയസാധ്യതക്കാണ് മുൻതൂക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ചെറുപ്പക്കാർക്കും സ്ത്രീകൾക്കും പ്രധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, സീറ്റ് മോ​ഹവുമായി നിരവധി മുതിർന്ന പരസ്യമായി തന്നെ രം​ഗത്തെത്തിയിരുന്നു. എംപിമാരടക്കം മത്സര സന്നദ്ധത അറിയിച്ചു. ഈ വിഷയങ്ങളെല്ലാം ദില്ലിയിലെ യോ​ഗത്തിൽ പരി​ഗണിക്കും.

അതേസമയം, കേരള കോൺഗ്രസ് എമ്മിൽ ഉദ്വേഗ നീക്കങ്ങൾ നടക്കുന്നതായി സൂചന. ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് മുന്നണി വിടുമോ എന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. കേരളാ കോൺഗ്രസ് ക്യാമ്പിൽ അണിയറ നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ട്. ഹൈക്കമാൻഡ് ഇടപെടുന്നതായും സൂചന. അതേ സമയം, പുറത്ത് കാണിക്കുന്നില്ലെങ്കിലും കേരള കോൺഗ്രസ് തങ്ങളോടൊപ്പം ചേർന്നേക്കുമെന്ന പ്രതിക്ഷയിലാണ് കോൺഗ്രസ്. കേരള കോൺഗ്രസ് നേതൃ നിരയിലും രണ്ട് അഭിപ്രായമുയരുന്നുണ്ടെന്നാണ് സൂചന. യുഡിഎഫിന് ഒപ്പം നിൽക്കുന്നതാകും നല്ലതെന്ന് ഒരു വിഭാഗത്തിന്റെ അഭിപ്രായം.