കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ്. സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തി, ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സഭാ അധ്യക്ഷനെ കണ്ടു. ഓര്‍ത്തഡോക്സ് സഭയുമായി അടുക്കാൻ ബിജെപിയും ശ്രമം നടത്തുന്നതിനിടയിലാണ് കൂടിക്കാഴ്ച.

ഔദ്യോഗിക വാഹനം ഒഴിവാക്കി, മാധ്യമങ്ങളെ അറിയിക്കാതെ, ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ദേവലോകം അരമനയില്‍ എത്തിയത്. ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയൻ കാത്തോലിക്കക ബാവ, സുന്നഹദോസ് സെക്രട്ടറി യുഹാനോൻ മാര്‍ദിയസ് കോറസ് എന്നിവരുമായി ഒരു മണിക്കൂര്‍ മൂവരും കൂടിക്കാഴ്ച നടത്തി. 

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്നെ കോണ്‍ഗ്രസുമായി സഭ ഉടക്കിലായിരുന്നു. പിന്നീട് കോന്നി- ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ സഭ കോണ്‍ഗ്രസിനെ കൈവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലടക്കം അനുകൂല സമീപനമുണ്ടായില്ല. ന്യൂനപക്ഷ വോട്ടുകളില്‍ കോണ്‍ഗ്രസിന് ഇടിവ് ഉണ്ടാകുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഒപ്പം സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രിയെ ഇറക്കി ബിജെപി ഓര്‍ത്തഡോക്സ് സഭയെ ഒപ്പം നിര്‍ത്താൻ ശ്രമിക്കുന്നു.

ഇന്നലെ കേന്ദ്രമന്ത്രി വി മുരളീധരനും ദേവലോകം അരമനയില്‍ എത്തിയിരുന്നു. സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇടഞ്ഞ് നില്‍ക്കുകയാണ് ഓര്‍ത്തഡോക്സ് സഭ. ഈ സാഹചര്യം മുതലെടുക്കുകയാണ് കോണ്‍‍ഗ്രസ് ലക്ഷ്യം. എൻഎസ്എസിനൊപ്പം ഓര്‍ത്തഡോക്സ് സഭയും കോണ്‍ഗ്രസിനോട് അടുക്കുന്നുവെന്ന കണക്കുകൂട്ടലിലാണ് പാർട്ടി. അത്തരത്തിലുള്ള സൂചനകളാണ് സഭാ ആസ്ഥാനത്ത് നിന്ന് പുറത്തുവരുന്നതും.