സ്ഥാനാർത്ഥികളിൽ വലിയ സർപ്രൈസുകൾ പ്രതീക്ഷിക്കാമെന്നും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ലിസ്റ്റിൽ ഉണ്ടാകുമെന്നുമായിരുന്നു കെ സുധാകരന്റെ പ്രഖ്യാപനം.
ദില്ലി : കോൺഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളായി. നാളെ രാവിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. 16 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചുവെന്നും കോൺഗ്രസിന്റെ എല്ലാ സീറ്റുകളിലെ സ്ഥാനാർത്ഥികളുടെയും പ്രഖ്യാപനം നാളെ നടക്കുമെന്നും ദില്ലിയിൽ ചര്‍ച്ചയിൽ പങ്കെടുക്കാൻ പോയ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അറിയിച്ചു. സ്ഥാനാർത്ഥികളിൽ വലിയ സർപ്രൈസുകൾ പ്രതീക്ഷിക്കാമെന്നും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ലിസ്റ്റിൽ ഉണ്ടാകുമെന്നുമായിരുന്നു കെ സുധാകരന്റെ പ്രഖ്യാപനം. കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കുമെന്നാണ് വിവരം.വയനാട് രാഹുൽ മത്സരിക്കുമെന്ന് നേതാക്കളറിയിച്ചു. സിറ്റിംഗ് എംപിമാർ മത്സരിക്കും.
പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിലും നേതാക്കൾ പ്രതികരിച്ചു. പത്മജ മൂത്ത സഹോദരിയായിരുന്നു. കരുണാകരന്റെ മകളായതിനാൽ ന്യായമല്ലാത്ത കാര്യങ്ങൾ വരെ ചെയ്തു കൊടുത്തു. ബംഗാളിനെയും ത്രിപുരയിലും 60% സിപിഎം നേതാക്കളും ബിജെപിയിലാണ്. കേരളത്തിലെ സിപിഎം എംഎൽഎ ആയിരുന്ന ആൾ വരെ പോയി. പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തിൽ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും സതീശൻ ആരോപിച്ചു. പത്മജ ബിജെപിയിൽ ചേർന്നതിൽ ഏറ്റവും ആഹ്ലാദം സിപിഎമ്മിനാണെന്നും സതീശൻ പറഞ്ഞു.
