Asianet News MalayalamAsianet News Malayalam

Mofiya : ആലുവ എസ്‍പി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്; സംഘര്‍ഷം, പൊലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗിച്ചു

കേസിൽ ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഉപരോധ സമരം തുടരുകയാണ്. 

Congress march to Aluva SP office Water cannons were fired
Author
Aluva, First Published Nov 25, 2021, 12:13 PM IST

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പർവീൺ (Mofia Parveen) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധം ശക്തം.  ആലുവ എസ്‍പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. മാര്‍‌ച്ച് സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ആലുവ എസ്‍പി ഓഫീസിലേക്കുള്ള വഴിയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിന്മാറാതിരുന്നതോടെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. 

കേസിൽ ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഉപരോധ സമരം തുടരുകയാണ്. ഇന്നലെ പകലാണ് പൊലീസ് സ്റ്റേഷൻ ഉപരോധം തുടങ്ങിയത്. ആലുവ എംഎൽഎ അൻവർ സാദത്ത്, എംപി ബെന്നി ബെഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം. 

മോഫിയ പർവീൺ  ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ ​സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ട്.  ഒക്ടോബർ 29 ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാൽ സിഐ തുടർ നടപടികൾ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാല്‍ തനിക്ക് സ്റ്റേഷനിൽ മറ്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ പരാതി അന്വേഷിക്കാൻ മറ്റൊരു ഉദ്യോ​ഗസ്ഥനെ ഏർപ്പാടാക്കിയെന്നും അദ്ദേഹത്തിനാണ് വീഴ്ച വന്നതെന്നുമാണ് സുധീറിന്റെ നിലപാട്. നവംബർ 18ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും പെൺകുട്ടിയും കുടുംബവും അസൗകര്യം പറഞ്ഞു. തുടർന്ന് 22 ാം തിയതിയാണ് ചർച്ചയ്ക്കായി സ്റ്റേഷനിൽ വന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

സിഐ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. സിഐയുടെ മുറിയിൽ വെച്ച് പെൺകുട്ടി ഭർത്താവിനെ അടിച്ചു. തുടർന്നുണ്ടായ ബഹളം നിയന്ത്രിക്കുന്നതിൽ സിഐ അവസരോചിതമായി ഇടപെട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയി‍ട്ടുണ്ട്. ഡിഐജി നേരിട്ടാണ് അന്വേഷണം നടത്തിയത്. അതേസമയം കേസിൽ മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛൻ യൂസഫ്, അമ്മ റുഖിയ എന്നിവരെ ആലുവ കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

 
Follow Us:
Download App:
  • android
  • ios