കൊച്ചി: ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കി നിലം നികത്തലിന് റെവന്യൂ വകുപ്പ് അനുമതി നൽകിയ കുന്നത്തുനാട്ടിലെ ഭൂമിയിലേക്ക് കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച്. യു ഡി എഫ് കൺവീനർ ബെന്നി ബെഹനാന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിലം നികത്താനുള്ള റെവന്യൂ വകുപ്പിന്‍റെ അനുമതി പിൻവലിക്കും വരെ കോൺഗ്രസ് സമരം തുടരും എന്ന് കുന്നത്തുനാട് എം എൽ എ വി പി സജീന്ദ്രൻ പറഞ്ഞു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ നിയമസഭ നടത്താൻ അനുവദിക്കില്ലെന്നും ഭൂമാഫിയക്ക് കീഴിലെ വമ്പൻ സ്രാവുകളെ പുറത്തു കൊണ്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭൂമാഫിയയിലെ വൻ സ്രാവുകൾക്ക് കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായും സർക്കാരിലെ ഉന്നതരുമായും ബന്ധം ഉണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിരമിക്കുന്നതിനു തലേ ദിവസം റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ കളക്ടറുടെ ഉത്തരവ് റദ്ധാക്കിയത് സമ്മർദം മൂലമാണ്. നിലം നികത്തലിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു. എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, വി പി സജീന്ദ്രൻ, മുൻ മന്ത്രി കെ ബാബു എന്നിവർ മാര്‍ച്ചില്‍ പങ്കെടുത്തു.