കണ്ണൂർ: കണ്ണൂർ കൂടാളിയിൽ 47 വർഷമായി സിപിഎം ജയിച്ച വാർഡ് പിടിച്ചെടുത്ത കോൺഗ്രസ് മെമ്പറെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരാതിയിൽ അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. നേതൃത്വത്തിന് പങ്കില്ലെന്നും പാർട്ടി അനുഭാവികൾ നടത്തിയ അക്രമം ആകാമെന്നുമാണ് സിപിഎം വിശദീകരണം.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന ഡിസംബ‍ർ പതിനാറാം തീയതി നടന്ന അക്രമത്തിന്റെ ദൃശമാണ് ഇപ്പോൾ പുറത്തുവന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ച മനോഹരൻ നന്ദി വോട്ടർമാർക്ക് പറയാൻ വീടുകളിൽ കയറുന്നതിനിടെ ഒരു സംഘം ആളുകൾ മർദ്ദിക്കുകയായിരുന്നു. മെന്പർ വന്ന കാറും സിപിഎം പ്രവർത്തകർ അടിച്ചു തകർക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സിപിഎമ്മിന് വൻ സ്വാധീനമുള്ള കൂടാളിയിലെ പതിമൂന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തതിന്‍റെ വൈരാഗ്യം കൊണ്ടാണ് തന്നെ ആക്രമിച്ചതെന്ന് വാർഡ് മെമ്പർ മനോഹരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മനോഹരന്‍റെ പരാതിയിൽ നാല് സിപിഎം പ്രവർ‍ത്തകരെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടയാട് സ്വദേശികളായ കൊവുമ്മൽ വിജേഷ്, സായൂജ് ഉൾപ്പടെ നാല് പേരെയാണ് പിടികൂടിയത്. ഇവരെ നിസാര കുറ്റങ്ങൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയാണ് പൊലീസ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ആക്രമിച്ചവ‍ർ തങ്ങളുടെ പ്രവർത്തകർ അല്ലെന്നാണ് സിപിഎം വാദം.