Asianet News MalayalamAsianet News Malayalam

സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു; കോൺ​ഗ്രസ് എംഎൽഎമാരെ റിസോ‍ർട്ടിലേക്ക് മാറ്റി

സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേൽ, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ​ഗാന്ധി, കെസി വേണു​ഗോപാൽ എന്നിവരെല്ലാം ഇന്ന് സച്ചിൻ പൈലറ്റുമായി നേരിട്ട് സംസാരിച്ചു

congress MLAs taken to Resort
Author
Jaipur, First Published Jul 13, 2020, 4:17 PM IST

ദില്ലി: രാജസ്ഥാനിൽ അശോക് ഗെല്ലോട്ട് സർക്കാരിനെ ന്യൂനപക്ഷമാക്കി കൊണ്ട് സച്ചിൻ പൈലറ്റ് നടത്തുന്ന വിമത നീക്കങ്ങൾക്ക് തടയിടാൻ കോൺ​ഗ്രസ് നേതൃത്വം ശ്രമം തുടരുന്നു. സച്ചിനെ അനുനയിപ്പിക്കാൻ മുതി‍ർന്ന നേതാക്കളെല്ലാം നേരിട്ട് രം​ഗത്തിറങ്ങി. അതേസമയം കഴിഞ്ഞ ആറ് മാസമായി സച്ചിൻ പൈലറ്റും ബിജെപി നേതൃത്വവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് കോൺ​ഗ്രസ് വൃത്തങ്ങൾ പറയുന്നത്. 

സോണിയ ​ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേൽ, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ​ഗാന്ധി, കെസി വേണു​ഗോപാൽ എന്നിവരെല്ലാം ഇന്ന് സച്ചിൻ പൈലറ്റുമായി നേരിട്ട് സംസാരിച്ചു. പ്രശ്നം സം​ഘടനാപരമായി പരിഹരിക്കാമെന്നും തിരക്കിട്ട് തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്നും സച്ചിനോട് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. പാ‍ർട്ടി അധ്യക്ഷ സോണിയ ​ഗാന്ധിയുടെ നേരിട്ടുള്ള നി‍‍ർദേശം അനുസരിച്ചാണ് മുതി‍ർന്ന നേതാക്കളുടെ ഒത്തുതീ‍ർപ്പ് നീക്കം. ‌

അടിയന്തരസാഹചര്യം മുൻനി‍ർത്തി കോൺ​ഗ്രസ് എംഎഎമാരെയൊല്ലം റിസോ‍ർട്ടിലേക്ക് മാറ്റാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. സ്വതന്ത്ര എംഎൽഎമാ‍ർ ഉൾപ്പടെ 107 പേരെയാണ് റിസോ‍ർട്ടിലേക്ക് മാറ്റുന്നത്.  മുപ്പതോളം എംഎൽഎമാ‍ർ തനിക്കൊപ്പമുണ്ടെന്ന് സച്ചിൻ പൈലറ്റ് പറയുന്നുവെങ്കിലും പതിനഞ്ച് പേ‍ർ മാത്രമേ അദ്ദേഹത്തിനൊപ്പമുള്ളൂവെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. 

ഭൂരിപക്ഷം എംഎൽഎമാരും ​ഗെല്ലോട്ടിനെ അനുകൂലിച്ച് നി‍ൽക്കുന്നതും വസുന്ധരാജ സിന്ധ്യയുള്ളതിനാൽ സച്ചിൻ എളുപ്പം സ്വീകരിക്കാൻ ബിജെപിക്ക് സാധിക്കില്ല എന്നതും കോൺ​​ഗ്രസിനെ താത്കാലം ആശ്വാസം നൽകുന്നുണ്ട്. അതേസമയം സ്ഥിതി​ഗതികൾ ഏതറ്റം വരെ പോകും എന്ന നിരീക്ഷിക്കുകയാണ് ബിജെപി നേതൃത്വം. പാ‍ർട്ടി അധ്യക്ഷൻ ജെപി നഡ്ഡയെ ഇന്ന് സച്ചിൻ കണ്ടേക്കും എന്ന് വാ‍ർത്തയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. നേരത്തെ കോൺ​ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ സച്ചിനെ കണ്ട് ച‍ർച്ച നടത്തിയിരുന്നു. 

ദില്ലി/ജയ്പൂർ: ഭരണപ്രതിസന്ധി നേരിടുന്ന രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിൻ്റെ വിമതനീക്കത്തെ വിട്ടുവീഴ്ചയില്ലാതെ നേരിടാനൊരുങ്ങി കോൺ​ഗ്രസ്. സച്ചിനെതിരെ നടപടി എടുക്കാൻ പാ‍ർട്ടി ആലോചിക്കുന്നതായാണ് സൂചന. മുഖ്യമന്ത്രി അശോക് ​ഗെല്ലോട്ട് ഇന്ന് നിയമസഭാ കക്ഷിയോ​ഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. രാജസ്ഥാനിൽ പാ‍‍ർട്ടിക്കൊപ്പം 109 എംഎൽഎമാരുണ്ടെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. 

ഇതിനിടെ ​ഗുരു​ഗ്രാമിലേക്ക് സച്ചിൻ പൈലറ്റിനൊപ്പം പോയ 23 എംഎൽഎമാരിൽ മൂന്ന് പേ‍ർ ഇന്ന് രാവിലെ ജയ്പൂരിൽ തിരിച്ചെത്തി. നിയമസഭാ കക്ഷിയോ​ഗത്തിൽ പങ്കെടുക്കുമെന്ന് ഈ എംഎൽഎമാ‍ർ അറിയിച്ചിട്ടുണ്ട്. സച്ചിനൊപ്പം 15-ൽ താഴെ എംഎൽഎമാ‍ർ മാത്രമേ ഉണ്ടാവൂ എന്ന കണക്കുകൂട്ടലിലാണ് കോൺ​ഗ്രസ് ഇപ്പോൾ. അൽപം സമയം മുൻപ് അശോക് ​ഗെല്ലോട്ടുമായി അടുത്ത ബന്ധം പുല‍ർത്തുന്ന വ്യവസായിയുടെ ജയ്പൂരിലേയും ദില്ലിയിലേയും ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ച‍ർച്ചയായിട്ടുണ്ട്. 

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ ഇതിനിടെ ജയ്പൂരിൽ എത്തിയിട്ടുണ്ട്. രാഹുൽ ​ഗാന്ധിയുടെ നി‍ർദേശം അനുസരിച്ചാണ് കെസി വേണു​ഗോപാൽ പ്രശ്നപരിഹാരത്തിനായി ജയ്പൂരിൽ എത്തിയിരിക്കുന്നത്.  ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോ​ഗത്തിൽ പങ്കെടുക്കാൻ കോൺ​ഗ്രസ് എംഎൽഎമാ‍ർക്ക് ഇതിനോടകം വിപ്പ് ലഭിച്ചിട്ടുണ്ട്. രാഹുലിൻ്റെ വിശ്വസ്തരായ രൺദീപ് സുർജെവാല, അജയ് മാക്കൻ എന്നിവർ ജയ്പൂരിലെത്തി. അശോക് ഗലോട്ടുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios