ലീഗിന് രണ്ട് മനസുണ്ടോ? പരിഭവങ്ങൾ പറഞ്ഞു തീർക്കാൻ പ്രതിപക്ഷ നേതാവ് പാണക്കാടേക്ക്, നാളെ കൂടിക്കാഴ്ച
പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണം ചർച്ച ചെയ്യാനുള്ള യോഗം ലീഗ് ഉപേക്ഷിച്ചിരുന്നു. എന്നാലും ലീഗിന് ഈ വിഷയത്തിൽ രണ്ട് മനസുണ്ടെന്ന് കോൺഗ്രസ് കരുതുന്നുണ്ട്

തിരുവനന്തപുരം: കോൺഗ്രസ് - മുസ്ലിം ലീഗ് ബന്ധത്തിലെ ഉലച്ചിലുകൾക്കിടെ നാളെ പാണക്കാട്ട് സുപ്രധാന ചർച്ച നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പികെ കുഞ്ഞാലിക്കുട്ടിയെയും കാണും. കഴിഞ്ഞ കുറച്ച് നാളായി മുസ്ലിം ലീഗും കോൺഗ്രസും അകൽച്ചയിലാണ്. ഈ അകൽച്ച പരിഹരിക്കുന്നതടക്കം കൂടിക്കാഴ്ചയിൽ ചർച്ചയുണ്ടാകും.
പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് സിപിഎം മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. ഇതേച്ചൊല്ലി കോൺഗ്രസിൽ ആശയകുഴപ്പമുണ്ട്. പരസ്യമായി ഇക്കാര്യം പറയുന്നില്ല. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പൂർണമായും ബഹിഷ്കരിക്കുന്നത് അടക്കം മുസ്ലിം ലീഗിന് കോൺഗ്രസിന്റെ നിലപാടല്ല ഉള്ളത്. എന്നാൽ മുന്നണിയുടെ കെട്ടുറപ്പ് ബാധിക്കാതിരിക്കാൻ പരസ്യമായ വാക്പോരിലേക്ക് നേതാക്കൾ ഇതുവരെ എത്തിയതുമില്ല.
നേരത്തെ പലപ്പോഴായി അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലും ഇത്തരത്തിൽ ചർച്ച നടത്തിയിരുന്നില്ല. നേരത്തെ എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കൾ മുസ്ലിം ലീഗ് നേതാക്കളെ സന്ദർശിച്ച് പല അഭിപ്രായ ഭിന്നതകളും സംസാരിച്ച് തീർക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ കെ സുധാകരനും വിഡി സതീശനും കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതിൽ പിന്നെ അത്തരത്തിൽ ഉപചാരങ്ങൾ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്.
പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണം ചർച്ച ചെയ്യാനുള്ള യോഗം ലീഗ് ഉപേക്ഷിച്ചിരുന്നു. എന്നാലും ലീഗിന് ഈ വിഷയത്തിൽ രണ്ട് മനസുണ്ടെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. ഈ സാഹചര്യത്തിൽ വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള കൂടിക്കാഴ്ചയാവും നാളെ പാണക്കാട് നടക്കുക.