രണ്ട് ദിവസത്തിനകം ദില്ലിയില്‍ കോണ്‍ഗ്രസ്–എന്‍സിപി നേതാക്കള്‍ രണ്ടാംഘട്ട കൂടിയാലോചനകള്‍ ആരംഭിക്കും. അതിനു ശേഷമാകും ശിവസേനയുമായി ചര്‍ച്ച. 

ദില്ലി: രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍‌ തുടരാന്‍ കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന തീരുമാനം. പൊതുമിനിമം പരിപാടിയില്‍ ധാരണയായതിന് ശേഷം മന്ത്രിസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ ചര്‍ച്ച മതിയെന്ന് മൂന്ന് പാര്‍ട്ടികളും തീരുമാനിച്ചു. രണ്ട് ദിവസത്തിനകം ദില്ലിയില്‍ കോണ്‍ഗ്രസ്–എന്‍സിപി നേതാക്കള്‍ രണ്ടാംഘട്ട കൂടിയാലോചനകള്‍ ആരംഭിക്കും. അതിനു ശേഷമാകും ശിവസേനയുമായി ചര്‍ച്ച.

എന്തുവില കൊടുത്തും സർക്കാരുണ്ടാക്കുമെന്ന ബിജെപി നേതാവ് നിതീഷ് റാണയുടെ പ്രസ്താവനയെ ഓപ്പറേഷൻ താമരയുമായി ബിജെപി എത്തുമെന്ന സൂചന ആയാണ് ശിവസേനയും പ്രതിപക്ഷവും കാണുന്നത്. അനിശ്ചിതാവസ്ഥ നീണ്ടുപോയാൽ സ്വന്തം എംഎൽഎമാർ കളംമാറിയേക്കുമെന്ന പേടിയും ഇവ‍ർക്കുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് തവണയാണ് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ കോൺഗ്രസുമായി ചർച്ച നടത്തിയത്. ഇന്നലെ രാത്രി അഹമ്മ് പട്ടേലുമായി ചർച്ച നടത്തിയ ഉദ്ദവ് ഇന്ന് സംസ്ഥാന നേതാക്കളായ പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ, ബാലാസാഹേബ് താറാട്ട് എന്നിവരുമായും ചർച്ച നടത്തി. വേഗത്തിൽ തീരുമാനമെടുക്കേണ്ടെന്ന കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് ഇവർ ചർച്ചയിൽ അറിയിച്ചു.

സര്‍ക്കാര്‍ രൂപീകരണത്തിലെ എല്ലാ അവ്യക്തതകളും ഉടന്‍ പരിഹരിക്കും. തീരുമാനം ഉടന്‍ അറിയിക്കും എന്നാണ് ഉദ്ദവ് താക്കറേ പറഞ്ഞത്. പൊതുമിനിമം പരിപാടി രൂപീകരിക്കാനായി മൂന്ന് പാർട്ടികളും കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ദില്ലിയിൽ കോൺഗ്രസിന്‍റെയും എൻസിപിയുടെയും നേതാക്കൾ ചർച്ച നടത്തിയേക്കും.

അതിനിടെ, ഗവര്‍ണറുടെ നടപടികള്‍‌ക്കെതിരെ അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയ ശിവസേന ഇന്ന് അവസാനനിമിഷം പിന്‍മാറി. ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കേണ്ടി വന്നേക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ് പുതിയ നീക്കം.