ദില്ലി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വീകരണം ഫോട്ടോഷൂട്ടിൽ ഒതുക്കരുതെന്ന് കോൺഗ്രസ്. അമേരിക്കൻ പ്രസിഡന്റിന്റെ സ്വീകരണ സമിതിയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശ‍ര്‍മ്മ എംപി ആവശ്യപ്പെട്ടു. ട്രംപിന്റെ സ്വീകരണത്തിനായി ചിലവഴിക്കുന്ന തുകയടക്കമുള്ള വിവരങ്ങൾ പുറത്തുവിടണമെന്നാണ് ആഗ്രഹം.

നയതന്ത്ര വിഷയങ്ങളിൽ അമേരിക്കയുമായുള്ള സഹകരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പരിപാടി ഫോട്ടോഷൂട്ടിൽ ഒതുക്കരുത്. വികസനോന്മുഖമായ വിഷയങ്ങളിൽ സംയുക്ത പ്രസ്താവന പ്രതീക്ഷിക്കുന്നുണ്ട്. ട്രംപിന്റെ സ്വീകരണത്തിനായി പാവപ്പെട്ടവരെ അപമാനിക്കുന്ന വിധത്തിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വിമ‍ര്‍ശിച്ചു.

കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ പദവിയിൽ പ്രതിസന്ധിയില്ലെന്ന് ആനന്ദ് ശർമ്മ എംപി പറഞ്ഞു. അധ്യക്ഷനെ തെരഞ്ഞെടുത്തത് പ്രവർത്തക സമിതിയാണ്. പദവി മാറ്റത്തിലും തീരുമാനം പ്രവർത്തക സമിതിയുടേതാണെന്നും ആനന്ദ് ശ‍ര്‍മ്മ വിശദീകരിച്ചു.