നിലമ്പുർ തെരഞ്ഞെടുപ്പ് ഫലം നോക്കി മുന്നണി മാറില്ല
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് (എം). ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും. മലയോരമേഖലകളിൽ കൂടുതൽ വാർഡുകൾ ആവശ്യപ്പെടും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളാണ് കേരള കോൺഗ്രസ് എം ലക്ഷ്യം. സിപിഎമ്മുമായി ചർച്ചകൾ തുടങ്ങാനും തീരുമാനിച്ചു. പഞ്ചായത്തുകളിൽ കൂടുതൽ അംഗീകാരം വേണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
പഞ്ചായത്തുകളിൽ സീറ്റ് വർദ്ധിക്കുന്നത് അനുസരിച്ച് കേരള കോൺഗ്രസിന് പ്രാധാന്യം വേണം. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പ് സമയത്താണ് മുന്നണിയിലേക്ക് വന്നത്. അതുകൊണ്ട് അന്ന് കാര്യമായി സീറ്റ് ആവശ്യപ്പെടാനുള്ള സമയം ഉണ്ടായില്ല. കേരള കോൺഗ്രസ് എൽഡിഎഫ് വിടില്ല. മുന്നണി മാറ്റം നിലവിൽ പ്രായോഗികം അല്ല. നിലമ്പുർ തെരഞ്ഞെടുപ്പ് ഫലം നോക്കി മുന്നണി മാറില്ല. യുഡിഎഫ് വിട്ട സമയം മുതൽ കോൺഗ്രസ് നേതാക്കൾ കേരള കോൺഗ്രസ് തിരിച്ചു വരും എന്ന് പറയുന്നതാണ്. നിലവിൽ കേരള കോൺഗ്രസ് എൽഡിഎഫിൽ തൃപ്തരാണ്. മുന്നണിയിൽ പാർടിക്ക് അർഹമായ പരിഗണന കിട്ടുന്നുണ്ടെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി


