ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള നിയോഗമായാണ് സ്ഥാനാർത്ഥിത്വത്തെ കാണുന്നതെന്നും ജെബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
തിരുവനന്തപുരം: വിവാദങ്ങൾക്കും ആകാംഷകൾക്കും വിരാമമിട്ട് കോൺഗ്രസ് ഒഴിവ് തരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറാണ് കോൺഗ്രസിനെ പ്രതിനിധീകരിക്കുക. സ്ഥാനാര്‍ത്ഥിത്വം സ്ത്രീകള്‍ക്കുള്ള അംഗീകാരമെന്നാണ് (Congress Rajya sabha candidate)ജെബി മേത്തറിന്റെ (Jebi mether) പ്രതികരണം. ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള നിയോഗമായാണ് സ്ഥാനാർത്ഥിത്വത്തെ കാണുന്നതെന്നും ജെബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസ് പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയമാണ്. പ്രതിസന്ധി കാലത്ത് വിമർശനങ്ങൾ കൊണ്ട് പാർട്ടിയെ തകർക്കരുതെന്ന് ജെബി ഓർമ്മിപ്പിച്ചു. സ്ഥാനാർത്ഥിത്വത്തിന് പരിഗണിച്ച എല്ലാവരും യോഗ്യരായിരുന്നുവെന്ന് പറഞ്ഞ ജെബി തന്നെ തിരഞ്ഞെടുത്ത നേതൃത്വത്തിനും നന്ദിയറിച്ചു.
ദിലീപിനൊപ്പം കോണ്‍ഗ്രസിന്റെ എംപി സ്ഥാനാര്‍ത്ഥി ജെബി മേത്തറിന്റെ സെൽഫി; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
ആലപ്പുഴ മുന്‍ ഡിസിസി അധ്യക്ഷന്‍ എം ലിജു, കെപിസിസി മുന്‍ സെക്രട്ടറി ജയ് സണ്‍ ജോസഫ് എന്നിവരെ തള്ളിയാണ് ജെബി സീറ്റുറപ്പിച്ചത്. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം.എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയിൽ അവസാനം ഇടംപിടിച്ച ജെബി മേത്തർ സ്ഥാനാർത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകൾ ജെബി മേത്തറിന് അനുകൂലമായി. കെസി വേണുഗോപാൽ ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തിയതായാണ് വിവരം.
1980 ന് ശേഷം ആദ്യമായാണ് കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. പാർട്ടിയുടെ സംസ്ഥാന നേതാക്കൾക്കിടയിൽ ഗ്രൂപ്പ് പോരിന് ഇടയാകും ഈ തീരുമാനമെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷം പാർട്ടിയെ കൈവിട്ടുവെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിൽ മുസ്ലിം വനിതയെന്ന പരിഗണന ജെബി മേത്തറിന് കിട്ടി. മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തർ. ആലുവ നഗരസഭ വൈസ് ചെയർപേഴ്സണായി ജെബി മേത്തർ പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ ആലുവ നഗരസഭാ കൗൺസിലറാണ് ഇവർ. 42 വർഷത്തിന് ശേഷമാണ് കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.
