ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നുള്ള കരിമണൽ നീക്കം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോൺ​ഗ്രസ് ആരോപിച്ചു. മണൽ നീക്കത്തിനുള്ള സ്റ്റോപ്പ് മെമ്മോ പുറക്കാട് പഞ്ചായത്ത് പിൻവലിച്ചെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. എന്നാൽ, സ്റ്റോപ് മെമ്മോ പഞ്ചായത്ത് പിൻവലിച്ചിട്ടില്ല. സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമം നടത്തുകയോ ചെയ്തിട്ടുണ്ട്. ഇത് സർക്കാർ വ്യക്തമാക്കണമെന്നും ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു പ്രതികരിച്ചു.

സ്റ്റോപ് മെമ്മോ പിൻവലിച്ചിട്ടില്ല എന്ന് പുറക്കാട് പഞ്ചായത്ത് ഹൈക്കോടതിയെ അറിയിക്കും. കരിമണൽ കടത്തിനെതിരെ നിയമപോരാട്ടവും പ്രതിഷേധവും തുടരുമെന്നും ലിജു പറഞ്ഞു. 

തോട്ടപ്പള്ളിയിൽ നിന്നുള്ള ധാതുമണൽ നീക്കം കെഎംഎംഎലിന് തുടരാം എന്ന് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മണൽ നീക്കത്തിനുള്ള സ്റ്റോപ്പ്‌ മെമ്മോ പിൻവലിച്ചതായി പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നും കരിമണൽ ഖനനം അല്ല പൊഴി വീതി കൂട്ടുന്ന ജോലി ആണ് തോട്ടപ്പള്ളിയിൽ നടക്കുന്നത് എന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്നാണ് കെഎംഎംഎല്ലിന് അനുകൂലമായി കോടതി വിധിച്ചത്.

പൊഴിമുഖത്തു നിന്ന് കൊണ്ടുപോകുന്ന മണൽ കെഎംഎംഎൽ പരിസരത്ത് സൂക്ഷിക്കണം എന്ന് കോടതി നിർദ്ദേശിച്ചു. കൊണ്ടുപോകുന്ന മണലിന് കെഎംഎംഎൽ കണക്ക് സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ നടപടികളുടെ ഭാഗമായാണ് തോട്ടപ്പള്ളിയിൽ നിന്ന് മണൽ നീക്കുന്നതെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.  

Read Also: 'തോട്ടപ്പള്ളിയിൽ നിന്നുള്ള ധാതുമണൽ നീക്കം തുടരാം, മണലിന് കണക്ക് സൂക്ഷിക്കണം'; കെഎംഎംഎലിനോട് ഹൈക്കോടതി..

തോട്ടപ്പള്ളിയിൽ നിന്നുള്ള കരിമണൽ നീക്കം നിർത്തിവെക്കാൻ കെഎംഎംഎലിനോട് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. പുറക്കാട് പഞ്ചായത്ത്‌ നൽകിയ സ്റ്റോപ്പ്‌ മെമ്മോ കെഎംഎംഎൽ അനുസരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കെഎംഎംഎൽ കരിമണൽ കടത്തുന്നതിന് എതിരെ സമര സമിതി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ ഇടപെടൽ. തോട്ടപ്പള്ളി സ്വദേശി എം എച്ച് വിജയൻ ആണ് ഹർജിക്കാരൻ. 

Read Also: ഇന്ത്യൻ സൈനികരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ചൈന; ചർച്ചകളിലൂടെ പരിഹാരം കാണാൻ ശ്രമമെന്നും ചൈന...