'ലാവലിനിൽ പിണറായി ഉണ്ടാക്കിയ പണം പാർട്ടിക്ക് നൽകിയെന്നാണ് വിവരം': കെ സുധാകരൻ
നിലവിലെ സംഘടനാ ശേഷികൊണ്ട് തെരഞ്ഞെടുപ്പിന് നേരിടാൻ ആകില്ല. സംഘടനാ ശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമെന്നും കെ സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം: ലാവലിനിൽ പിണറായി ഉണ്ടാക്കിയ പണം പാർട്ടിക്ക് നൽകിയെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കുറച്ച് കാശൊക്കെ പിണറായി തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാമെന്നും സുധാകരൻ ആരോപിച്ചു. ഇപ്പോൾ പിണറായിക്ക് പണമെന്ന ഒരു ലക്ഷ്യം മാത്രമേ ഉള്ളൂവെന്നും കെപിസിസി അധ്യക്ഷൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.
സ്വർണ്ണക്കടത്തും ഡോളർ കടത്തും നടത്തിയിട്ടും പിണറായിക്കെതിരെ ഒരു ഇഡിയും വന്നില്ല. കൊടകര കുഴൽപ്പണ കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചുമില്ല. ലാവലിൻ കേസിൽ എന്തുകൊണ്ട് വിധി പറയുന്നില്ലെന്നും കെ സുധാകരൻ ചോദിച്ചു. കേസിൽ വിധി പറയരുതെന്ന് ജഡ്ജിമാർക്ക് ഭരണകൂടത്തിന്റെ നിർദ്ദേശമുണ്ട്. വിധി പറയാൻ ജഡ്ജിമാർക്ക് ഭയമാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.
രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് ആകണമെന്ന് സുധാകരന്‍ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. സിപിഎമ്മിന്റേത് എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവർത്തന ശൈലിയാണെന്നും കെ സുധാകരൻ വിമർശിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താൻ കോൺഗ്രസിന് കഴിയണം. നിലവിലെ സംഘടനാ ശേഷികൊണ്ട് തെരഞ്ഞെടുപ്പിന് നേരിടാൻ ആകില്ല. സംഘടനാ ശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമെന്നും കെ സുധാകരൻ പറഞ്ഞു. ഇടത് മുന്നണിയെ തകർക്കാനുള്ള സുവർണാവസരം ഉപയോഗപ്പെടുത്തണം. അല്ലെങ്കിൽ വിലപിക്കേണ്ടി വരുമെന്നും ഒരുമിച്ച് പോകാനായില്ലെങ്കിൽ പാർട്ടിയുടെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണെന്നും കെ സുധാകരൻ പ്രവര്‍ത്തകരെ ഓർമ്മിപ്പിച്ചു.