പ്രധാനമന്ത്രിയുടെ കപട ദേശീയതയുടെ മുഖമാണ് പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് ദേശീയനേതൃത്വം.

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തുന്ന മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലികിന്റെ അഭിമുഖ വീഡിയോ പങ്കുവച്ച് കോണ്‍ഗ്രസ്. 'തുടര്‍ ഭരണത്തിനു വേണ്ടി പുല്‍വാമയില്‍ 40 സൈനികരെ ബലി കൊടുത്തതോ? മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വാക്കുകള്‍ മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്, കൃത്യമായ പ്ലാനിങ്ങോടുകൂടി നടത്തിയതാണോ ഈ ''വീഴ്ച''?' എന്നീ ചോദ്യങ്ങളോടെയാണ് കോണ്‍ഗ്രസ് വീഡിയോ പോസ്റ്റ് ചെയ്തത്.


അഭിമുഖത്തോടെ പ്രധാനമന്ത്രിയുടെ കപട ദേശീയതയുടെ മുഖമാണ് പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് ദേശീയനേതൃത്വം പറഞ്ഞു. കൊല്ലപ്പെട്ട ജവാന്‍മാരുടെ ചിത്രങ്ങള്‍ സഹിതം കോണ്‍ഗ്രസ് പറഞ്ഞത്: ''സുരക്ഷിത യാത്രയ്ക്കായി അഞ്ച് വിമാനങ്ങളാണ് സൈനികര്‍ ആവശ്യപ്പെട്ടത്. മോദി സര്‍ക്കാര്‍ അത് നിരസിച്ചതോടെ ബസില്‍ യാത്ര ചെയ്യാന്‍ സൈനികര്‍ നിര്‍ബന്ധിതരായി. വഴിയില്‍ ഭീകരാക്രമണം ഉണ്ടായി, നമ്മുടെ 40 സൈനികര്‍ വീരമൃത്യു വരിച്ചു. ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പ്രധാനമന്ത്രി മോദിയോട് ഇത് നമ്മുടെ തെറ്റ് കൊണ്ടാണ് സംഭവിച്ചതെന്ന് പറഞ്ഞു. പ്രധാനമന്ത്രി മോദി എന്താണ് പറഞ്ഞതെന്ന് അറിയാമോ? നിങ്ങള്‍ മിണ്ടാതിരിക്കൂയെന്ന്.''


ദ് വയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യപാല്‍ മാലികിന്റെ ആരോപണങ്ങള്‍. '2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. ഒരുപക്ഷെ വിമാനത്തിലായിരുന്നു ജവാന്‍മാരെ കൊണ്ടുപോയതെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു. അന്ന് വൈകുന്നേരം ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു, ഇത് നമ്മുടെ തെറ്റുകൊണ്ടാണ് സംഭവിച്ചതെന്ന്. ഈ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നേരിട്ട് ആവശ്യപ്പെട്ടു.'-അഭിമുഖത്തില്‍ സത്യപാല്‍ പറഞ്ഞു. 

2019 ഫെബ്രുവരി 14നാണ് പുല്‍വാമ ജില്ലയിലെ അവന്തിപോറയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണം നടന്നത്. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച 40 ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2500 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി നീങ്ങുന്ന 78 വാഹനങ്ങള്‍ അടങ്ങുന്നതായിരുന്നു വാഹനവ്യൂഹം. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 


'കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയമായി വേട്ടയാടുന്നു'; കോടതിയില്‍ പോലും കള്ളം പറയുന്നുവെന്ന് കെജ്രിവാള്‍

YouTube video player