ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് മരിക്കാനിടയായതിൽ ആരോപണം മുഴുവൻ സർക്കാർ യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയ്ക്ക് മേൽ ചാരുന്നുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.
കോട്ടയം: കോട്ടയത്ത ഭക്ഷ്യവിഷബാധയെ രാഷ്ട്രീയമായി നേരിടാൻ യുഡിഎഫ്. സർക്കാരിന് കീഴിലെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനാസ്ഥ മറച്ച് വച്ച് നഗരസഭയെ മാത്രം കുറ്റക്കാരാക്കുന്നുവെന്നാണ് പരാതി. യുവതി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു
ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് മരിക്കാനിടയായതിൽ ആരോപണം മുഴുവൻ സർക്കാർ യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയ്ക്ക് മേൽ ചാരുന്നുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഹോട്ടലിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണോ ഭക്ഷണം ഉണ്ടാക്കുന്നതെന്നും വിളന്പുന്നതെന്നും പരിശോധിക്കേണ്ടത് മാത്രമാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ ചുമതല. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടത് സർക്കാരിന് കീഴിലെ ഭക്ഷ്യസുരക്ഷ വകുപ്പാണ്. അവർ അത് കാര്യക്ഷമമായി ചെയ്തിരുന്നുവെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു.
അന്വേഷണം ആരംഭിച്ച് ദിവസം രണ്ടായിട്ടും രശ്മി ഭക്ഷണം വാങ്ങിയ ഹോട്ടൽ ഏതെന്ന് പൊലീസിന് സ്ഥിരീകരിക്കാനായില്ലെന്നും കോൺഗ്രസ് ആരോപിച്ചു. ഓൺലൈൻ ആപ്പ് വഴിയല്ല രശ്മി ഭക്ഷണം വാങ്ങിയിരിക്കുന്നത്. ഫോൺ വിളിച്ചാണോ സുഹൃത്തുക്കൾ വഴിയാണോ ഭക്ഷണം വാങ്ങിയതെന്നും വ്യക്തമായിട്ടില്ല. അന്വേഷണം ഇഴയുന്നതിന് പിന്നിൽ ബാഹ്യഇടപെടലുണ്ടോ എന്ന് സംശയിക്കുന്നതായും ആരോപണമുണ്ട്. ഇത് അപ്പാടെ തള്ളുന്ന പൊലീസ് രശ്മിയുടെ ശരീര സ്രവങ്ങളുടെ രാസപരിശോധന ഫലം ലഭിച്ചാലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച അന്വേഷണത്തിൽ വ്യക്തത വരൂ എന്ന് അറിയിച്ചു.
